ഡല്‍ഹി: ചായവില്‍പ്പനക്കാരനെന്ന കോണ്‍ഗ്രസിന്റെ അധിക്ഷേപത്തിന് ചുട്ടമറുപടി നല്കി പ്രധാനമന്ത്രിയുടെ മന് കീ ബാത്ത് വ്യത്യസ്ഥ രീതിയില്‍ ആഘോഷിച്ച് ഗുജറാത്തിലെ ബി.ജെ.പി നേതാക്കള്‍. മോദി എല്ലാ മാസവും ഞായാറാഴ്ചകളില്‍ നടത്തി വരാറുള്ള മന് കീ ബാത്ത് എന്ന റേഡിയോ പരിപാടി ഗുജറാത്തിലെ തിരഞ്ഞെടുപ്പ് വേദിയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന് കേട്ടാണ് അമിത് ഷായും അരുണ്‍ ജയ്റ്റ്ലിയും അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിമര്‍ശനത്തെ നേരിട്ടത്.
അതേസമയം, ഭീകരവാദം മനുഷ്യന് ഭീഷണിയാണെന്ന് നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകെ ഭീഷണിയാണ്. ഭീകരവാദത്തിനെ ലോകം ഒരുമിച്ച് നിന്ന് തോല്‍പ്പിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഒമ്പത് വര്‍ഷം മുമ്പ് രാജ്യത്തെ പിടിച്ച് കുലുക്കിയ മുംബൈ ഭീകരാക്രമണം ഒരിക്കലും ഇന്ത്യ മറക്കില്ല. അന്നത്തെ സംഭവത്തിനിടെ ജീവന് ബലി കഴിക്കേണ്ടി വന്ന പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഈ അവസരത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു. അവരുടെ ത്യാഗത്തെ ഒരിക്കലും രാജ്യം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ എല്ലാവരുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ടാണ് ഒരു ഭരണഘടന എഴുതിയുണ്ടാക്കിയത്. ഇതിന് ബാബാ സാഹേബ് അംബേദ്കര്‍ വഹിച്ച പങ്ക് വലുതാണ്. ഈ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പുതിയൊരു ഇന്ത്യയുണ്ടാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും സംരക്ഷിക്കുന്ന തരത്തിലാണ് ഭരണഘടനയുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നബിദിനം ആഘോഷിക്കാനിരിക്കുന്ന മുസ്ലിം സമൂഹത്തിനും അദ്ദേഹം ആശംസകള്‍ അര്‍പ്പിച്ചു. നാലു ദശകങ്ങളായി ഭീകരവാദത്തെ പറ്റി ഇന്ത്യ പറയുന്നു. എന്നാല്‍ ലോകം അത് ചെവിക്കൊണ്ടില്ല. ഇപ്പോള്‍ എല്ലാവരും അത് അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വത്തിന് ഭീഷണിയാണ് ഭീകരവാദം. ഇന്ത്യ ബുദ്ധന്റെയും മഹാവീരന്റെയും ഗുരുര നാനാക്കിന്റെയും മഹാത്മാ ഗാന്ധിയുടെയും നാടാണ്. അഹിംസയാണ് നമ്മുടെ മതമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ചായ്വാല എന്ന് വിളിച്ച് കോണ്‍ഗ്രസ് നടത്തിയ പരിഹാസത്തിന് മറുപടിയായി തെരഞ്ഞെടുപ്പ് നേരിടുന്ന ഗുജറാത്തില്‍ ബി.ജെ.പി നേതാക്കള്‍ ചായ കുടിച്ചാണ് മന് കി ബാത്ത് കേള്‍ക്കുന്നത്.
Discussion about this post