തിരുവനന്തപുരം: നഴ്സുമായുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനെ പിളര്‍ത്തി സംഘടന രൂപീകരിക്കാനുള്ള സിപിഎം ശ്രമം ഫലം കാണുന്നു. സിഐടിയുവിന്റെ നേതൃത്തിലുള്ള പുതിയ സംഘടനയുടെ രൂപീകരണ യോഗം ഉടന്‍ നടക്കും.
യുഎന്‍എയില്‍നിന്ന് അംഗങ്ങളെ അടര്‍ത്തിയെടുക്കാന്‍ സിഐടിയുവിനു പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സിപിഎം ഇതിനുള്ള ശ്രമങ്ങള്‍ വിവിധ ജില്ല അടിസ്ഥാനത്തില്‍ ആരംഭിച്ചിരുന്നു. നിലവിലെ സംഘടനകള്‍ നേതാക്കളുടെ ഗുഢ അജണ്ടക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് നഴ്സുമാരെ സംഘടനയിലെത്തിക്കാന്‍ ശ്രമം നടക്കുന്നത്. പല ജില്ലകളിലും ആശുപത്രികള്‍ പൂട്ടിച്ച് നഴ്സുമാരെ വഴിയാധാരമാക്കാനുള്ള നീക്കങ്ങളാണ് ചില സംഘടനകള്‍ നടത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. നേതാക്കളെ ചോദ്യം ചെയ്യുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പടെയുള്ള ഏകാധിപത്യ പ്രവണതകളും നിലവിലെ സംഘടന സ്വീകരിക്കുന്നതായി ആക്ഷേപം പല സ്ഥലങ്ങളിലും ഉയര്‍ന്നിരുന്നു.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ആശുപത്രികളില്‍ നടക്കുന്ന സമരം തികച്ചും അനാവശ്യമാണ് എന്ന പരാതി സംഘടന അംഗങ്ങള്‍ തന്നെ ഉയര്‍ത്തിയിരുന്നു. സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ചില ആശുപത്രികളില്‍ ജീവനക്കാരെ ഉപയോഗിച്ച് സമരസാഹചര്യമൊരുക്കി എന്ന് ജീവനക്കാര്‍ തന്നെ ആരോപണമുന്നയിച്ചു. വന്‍കിട ആശുപത്രികളില്‍ നിന്നും, പ്രവാസി വ്യവസായികളില്‍ നിന്നും പണം കൈമാറ്റി ചെറുകിട സ്വകാര്യ ആശുപത്രികള്‍ പൂട്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.ഇത്തരം അതൃപ്തികള്‍ മുതലെടുക്കുകയാണ് സിഐടിയുവിന്റെ ലക്ഷ്യം..
വിവിധ ആവശ്യങ്ങളുന്നയിച്ചു പലവട്ടം നഴ്സുമാര്‍ സമരങ്ങള്‍ നടത്തിയെങ്കിലും സിപിഎം അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും സ്വകാര്യ ആശുപത്രി നഴ്സുമാര്ക്കിടയില് സംഘടനയോ സ്വാധീനമോയില്ല. യുഎന്‍എയും അവരില്‍നിന്നു പിളര്‍ന്നു രൂപപ്പെട്ട ഇന്ത്യന്‍ നഴ്സസ് അസോസിയേഷനുമാണു പ്രബല യൂണിയനുകള്‍. ഇരൂകൂട്ടരോടും സിഐടിയുവില്‍ അഫിലിയേഷനെടുക്കാന് സിപിഎം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് അസോസിയേഷന് നേതാക്കളുടെ ഇടപെടല്‍ മൂലം നടന്നിരുന്നില്ല ഈ സാഹചര്യത്തിലാണ് സിഐ·ടിയു വഴി ഇവര്‍ക്കിടയില്‍ വളര്‍ന്നു കയറി നഴ്സുമാരില്‍ സ്വാധീനം ഉറപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നത്.
സംഘടന രൂപീകരണ യോഗം ഉടന്‍ നടത്താനാണ് സിപിഎം തീരുമാനം.. സിഐടിയു ജനറല്‍ സെക്രട്ടറിയും സിപിഎം കേന്ദ്രകമ്മിറ്റിംയംഗവുമായ എളമരം കരീമിനാണു മുഖ്യചുമതല. സര്‍ക്കാര്‍ ആശുപത്രി നഴ്സുമാരുടെ സംഘടനയായ കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷനെയാണു നഴ്സുമാരെ കൂട്ടാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
യുഎന്‍എയ്ക്കെതിരെ വിവിധ ആശുപത്രി യൂണിറ്റുകളില്‍ ഈയിടെ ശക്തമായ എതിര് സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം നിരീക്ഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാനാണ് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പല ആശുപത്രികളിലും ഒത്തുതീര്‍പ്പിന് മാനേജ്മെന്റുകള്‍ തയ്യാറായിട്ടും സമരം തുടരുന്നത് നഴ്സുമാരില്‍ എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. ചില ആശുപത്രികള്‍ അടച്ചിടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. സംഘടന നേതാക്കളെ ചില കേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. സിപിഎം നഴ്സുമാരുടെ സംഘടന രൂപീകരിക്കാന്‍ സജീവമായി രംഗത്തിറങ്ങിയതോടെ നിലവിലെ സംഘടനകളും ജാഗരൂകരായിട്ടുണ്ട്.
Discussion about this post