ബംഗളൂരു: മൈസൂര്‍ – ബന്ദിപ്പൂര്‍ – വയനാട് റോഡിലെ രാത്രി നിരോധനം നീക്കുന്നത് അപ്രായോഗികമാണെന്ന് കര്‍ണാടകം മുഖ്യമന്ത്രി സിദ്ധാരമയ്യ അറിയിച്ചു. കേരളം മുന്നോട്ടു വച്ച ആവശ്യങ്ങളില്‍ വിദഗ്ധ സമിതി പഠിച്ചതിനുശേഷം തീരുമാനമെടുക്കുമെന്നും സിദ്ധാരാമയ്യ പറഞ്ഞു. നിര്‍ദേശങ്ങള്‍ രണ്ടു മാസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു..
അതേസമയം, മൈസൂര്‍-ബന്ദിപ്പൂര്‍-വയനാട് റോഡില്‍ കോണ്‍വോയ് ആയി കൂടുതല്‍ വാഹനങ്ങള്‍ കടത്തിവിടണമെന്ന് കേരളം ആവശ്യപ്പെട്ടു. ആറു തവണയായി 25 വാഹനങ്ങള്‍ വീതം കടത്തിവിടണം. യാത്രാ നിരോധനം രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയിലെ 123 ഗ്രാമങ്ങളെ അതീവ പരിസ്ഥിതി പ്രാധാന്യ മേഖലകളായി പ്രഖ്യാപിച്ചുകൊണ്ട് വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിലാണ് ദേശീയപാത 212 ലെയും 67 ലെയും രാത്രിയാത്ര നിരോധിച്ചത്. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെയാണ് നിലവിലെ നിരോധനം.
Discussion about this post