ഒട്ടാവ: ഇന്ത്യകാനഡ സഹകരണത്തില്‍ പുതുയുഗം പിറന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 36 വര്‍ഷത്തെ ഉപരോധം അവസാനിപ്പിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ആണവകരാര്‍ ഒപ്പുവെച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ദിരാഗാന്ധിക്ക് ശേഷം കാനഡ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി.42 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കാനഡ സന്ദര്‍ശിക്കുന്നത്.ഊര്‍ജ പ്രതിസന്ധി മറികടക്കുന്നതിന് ഇന്ത്യയ്ക്ക് ഈ വര്‍ഷം മുതല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് കാനഡ 2100 കോടിയുടെ യുറേനിയം നല്‍കും. ഇതടക്കം നിരവധി കരാറുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറും ഒപ്പുവച്ചു. അഞ്ചു വര്‍ഷംകൊണ്ട് 3000 മെട്രിക് ടണ്‍ യുറേനിയമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുക. റഷ്യയ്ക്കും കസാഖിസ്ഥാനും ശേഷം ഇന്ത്യയ്ക്ക് യുറേനിയം നല്കുന്ന മൂന്നാമത്തെ രാജ്യമാണ് കാനഡ.
കാനഡയിലെ സസ്കാച്വന്‍ പ്രവിശ്യയിലുള്ള കാമക്കോ കോര്‍പറേഷനില്‍നിന്ന് 35 കോടി ഡോളറിന്റെ (2100 കോടിയിലേറെ രൂപ) യുറേനിയം ഇറക്കുമതി ആയിരുന്നു കരാറുകളില്‍ ഏറ്റവും പ്രധാനം. അഞ്ചു വര്‍ഷംകൊണ്ട് 70 ലക്ഷം പൗണ്ട് യുറേനിയമാണ് ഇന്ത്യയിലെ ആണവോര്‍ജ വകുപ്പ് ഇറക്കുമതി ചെയ്യുക. നമ്മുടെ ആണവപ്ളാന്റുകള്ക്ക് വേണ്ടി യുറേനിയം കണ്ടെത്താനുള്ള സാധ്യതകളുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞമാസം മോഡി ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഊര്‍ജ ഉപയോഗത്തില്‍ ലോകത്തിലെ നാലാമത്തെ രാജ്യമായ ഇന്ത്യയും രണ്ടാം സ്ഥാനത്തുള്ള ക്യാനഡയും തമ്മില്‍ 2013ല്‍ ഉണ്ടായ സഹകരണ ധാരണയാണ് കരാറിലേക്ക് എത്തിയത്. സൈനികേതര ആവശ്യങ്ങള്‍ക്കായിട്ടാണ് യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യത പ്രയോജനപ്പെടുത്തുന്നത്. കാല് നൂറ്റാണ്ടിനുള്ളില്‍ വന്‍ തോതില്‍ ഊര്ജോല്പാദനം വേണ്ടി വരുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. വ്യാപാര വാണിജ്യ മേഖലകളിലും സഹകരണത്തിന് ധാരണയായി.
കാനഡയിലെ പൗരന്മാര്ക്ക് പത്ത് വര്‍ഷം കാലാവധിയുള്ള വിസയും, വിസ് ഓണ്‍ അറൈവല്‍ സംവിധാനവും ഇന്ത്യ ഏപ്പെടുത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ ഈ വര്‍ഷം അവസാനത്തോടെ തീരുമാനമാകുമെന്നും സ്റ്റീഫന്‍ ഹാര്‍പര്‍ സൂചിപ്പിച്ചു. വ്യോമയാനം, റെയില്‍വേ തുടങ്ങിയ മേഖലകളില്‍ കാനഡ നിക്ഷേപം നടത്തും. വിദ്യാഭ്യാസം, ബഹിരാകാശം, ശിശു ആരോഗ്യ പരിപാലനം എന്നീ രംഗങ്ങളിലും ഇരു രാജ്യങ്ങളും സഹകരിക്കും. ഗര്‍ഭസ്ഥ ശിശുക്കളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട അഞ്ച് സംരംഭങ്ങളില്‍ 15 കോടിയിലേറെ രൂപ കാനഡ നിക്ഷേപിക്കും. ഇന്ത്യയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന കാനഡയിലെ പൗരന്മാര്ക്ക് ഇവിടെ പെന്ഷന് പദ്ധതി ഏര്‍പ്പെടുത്തും. നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് 13 കരാറുകളും ഇരു രാജ്യങ്ങളും ഒപ്പിട്ടു.
സാമ്പത്തിക സഹകരണത്തിന് പുതിയൊരു ചട്ടക്കൂട് രൂപപ്പെടുത്താന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും ഇക്കാര്യത്തില്‍ കാനഡ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രശംസനീയമാണെന്നും മോദി ചൂണ്ടിക്കാട്ടി. കാനഡയില്‍ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ ഇന്ത്യ ഒപ്പിട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തില്‍ പുതിയൊരു യുഗം പിറന്നിരിക്കുകയാണെന്ന് ഹാര്‍പര്‍ പറഞ്ഞു.
Discussion about this post