കോട്ടയം: 2016-ല്‍ കേരളത്തില്‍ നിന്നു 241 പേരെ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. ഇതില്‍ 163 പേര് കുട്ടികളാണ്. കുട്ടികളില്‍ 145 പേര് പെണ്‍കുട്ടികളാണെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക പീഡനവും ഭിക്ഷാടനവും ഉള്‍പ്പെടെയുള്ള ഉദ്ദേശ്യത്തോടെയാണു കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുള്ളത്. 2015-ല്‍ 271 പേരെയാണു തട്ടിക്കൊണ്ടുപോയത്. രണ്ടുവര്‍ഷങ്ങളിലായി റാഞ്ചപ്പെട്ട 512 പേരില്‍ 367 പേരെ കണ്ടെത്തി തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു.
അതേസമയം 2016-ല്‍ രാജ്യത്തകമാനം തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടികളുടെ എണ്ണം 47,840 ആണ്. ഇതില്‍ 36,123 പെണ്‍കുട്ടികളും 11,717 ആണ്‍കുട്ടികളുമുണ്ട്. ഉത്തര്‍പ്രദേശില്‍ 9678 പേരും മഹാരാഷ്ട്രയില്‍ 8260 പേരും തട്ടിക്കൊണ്ട് പോകലിന് ഇരകളായി. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 305 പേര് കൊലചെയ്യപ്പെട്ടു. 2014-ല്‍ 367 പേരും 2016-ല്‍ 305 പേരും കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലാണു കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നത്. 4889 പേര് കൊല്ലപ്പെട്ടു. ബിഹാര്‍ 2581 പേരും മഹാരാഷ്ട്രയില്‍ 2299 പേരും കൊല്ലപ്പെട്ടു.
സ്ത്രീകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 10,034 അതിക്രമങ്ങള്‍ നടന്നു. 2015-ല്‍ ഇത്തരം 9767 കേസുകളായിരുന്നു റജിസ്റ്റര്‍ ചെയ്തത്. ഇതിലും മുന്നില്‍ ഉത്തര്‍പ്രദേശാണ് 49362. കേരളത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളില്‍ അധികവും 18നും 30നും മധ്യേ പ്രായമുള്ളവരാണ്. കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട 1656 കേസുകളില്‍ 1627 എണ്ണത്തിലും പ്രതികള്‍ ബന്ധുക്കളോ പരിചയക്കാരോ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Discussion about this post