ഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്. രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമായിരിക്കും നടക്കുകയെന്നാണ് ഇന്റലിജന്റ്സ് വിഭാഗം സൂചന നല്‍കിയത്.
വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്നും അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ വിവരം ലഭിച്ചത്. ജനങ്ങള്‍ക്കിടയില്‍ ‘വന്‍ സ്വാധീനമുള്ള’ രാഷ്ട്രീയ നേതാക്കളുടെ റോഡ് ഷോയ്ക്കു നേരെയായിരിക്കും ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും റോഡ് ഷോകള്‍ക്ക് അഹമ്മദാബാദ് പൊലീസ് വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്. എന്നാല്‍ ഭീകരവാദ ഭീഷണി കാരണമാണ് റോഡ് ഷോ മാറ്റിയതെന്നു പൊലീസ് പറയുന്നില്ല. മറിച്ച് ട്രാഫിക്-റോഡ് പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ചൊവ്വാഴ്ച നടക്കാനിരുന്ന റോഡ് ഷോകള്‍ക്ക് അനുമതി നിഷേധിച്ചത്.
ഒരു ‘ലോണ്‍ വൂള്‍ഫ്’ ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് കേന്ദ്ര ഇന്റലിജന്റ്സ് സംസ്ഥാന പൊലീസിനെ അറിയിച്ചത്. ഭീകരസംഘടനകളുമായി നേരിട്ടു ബന്ധമില്ലാതെ ഒറ്റയ്ക്ക് ഭീകരാക്രമണം നടത്തുന്നവരെ വിളിക്കുന്ന പേരാണ് ‘ലോണ്‍ വൂള്‍ഫ്’. ഗുജറാത്തില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പു പ്രചാരണം ചൂടിപിടിച്ചിരിക്കേ രാഷ്ട്രീയനേതാക്കള്‍ക്ക് അതീവസുരക്ഷ ഉറപ്പാക്കണമെന്നും ഇന്റലിജന്റ്സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ ആറിന് മധ്യപ്രദേശില്‍ നിന്നു പിടിയിലായ ഉറോസ് ഖാന് എന്ന ഭീകരനാണ് ഇതുസംബന്ധിച്ച ആദ്യ സൂചന നല്‍കിയത്. ഒരു ജൂത സിനഗോഗിനു നേരെയും ഗുജറാത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിലും ഭീകരാക്രമണം നടത്താനായി രണ്ട് ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരര്‍ ആയുധങ്ങള്‍ ആവശ്യപ്പെട്ടെന്നായിരുന്നു മൊഴി. ഇവര്‍ക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും നല്‍കാനിരിക്കെയാണ് ഉറോസ് പിടിയിലായത്.
ഇപ്പോള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള ഐഎസ് അനുഭാവിയായ ഉബൈദ് മിസ്റയെ ചോദ്യം ചെയ്തതില്‍ നിന്നും ചില സൂചനകള്‍ ലഭിച്ചു. ഗുജറാത്തിലെ റോഡ് ഷോകള്‍ക്കു നേരെ ഐഎസിന്റെ സ്ഥിരം മാതൃകയില്‍ ‘ഒറ്റയാന് ഭീകരാക്രമണം’ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു ഉബൈദിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഗുജറാത്ത് പൊലീസ് ഇതുസംബന്ധിച്ചു വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
ട്രാഫിക് പ്രശ്നം കാരണമാണ് മോദിയുടെയും രാഹുലിന്റെയും റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതെന്നാണ് അഹമ്മദാബാദ് പൊലീസ് കമ്മിഷണര്‍ എ.കെ.സിങ്ങിന്റെ വിശദീകരണം. സാമുദായിക സംഘര്‍ഷത്തിനു സാധ്യതയുള്ള ചില ഭാഗങ്ങളിലൂടെയും ചന്തകളിലൂടെയും റോഡ് ഷോ കടന്നു പോകുന്നുണ്ട്. ഇവിടങ്ങളില്‍ ഇടുങ്ങിയ റോഡുകളാണെന്നത് സുരക്ഷാപ്രശ്നം സൃഷ്ടിക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post