ടൊറന്റോ: റിക്കൊ കൊളീസിയത്തില്‍ നിറഞ്ഞു കവിഞ്ഞ പതിനായിരത്തിലേറെ പേരാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും കേള്‍ക്കാനുമെത്തിയത്. ഗുജറാത്തിയും ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ച മോദി നിമിഷങ്ങള്‍ക്കുള്ളില്‍ കാണികളെ ആവേശത്തിലാഴ്ത്തി.
‘ഖേം ചോ?’ സുഖമല്ലേ എന്നു ഗുജറാത്തിയിലുള്ള ചോദ്യത്തോടെയായിരുന്നു പ്രസംഗത്തിന്റെ തുടക്കം.
കാനഡ സന്ദര്‍ശനത്തിനെത്തിയ മോഡിക്കു പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ ഒരുക്കിയ വിരുന്നായിരുന്നു വേദി. ഹാര്‍പറിന്റെ പത്നി നൊറീന് അണിഞ്ഞ കടും നീല സാരി ചടങ്ങിനു വേറിട്ട ഇന്ത്യന്‍ സ്പര്‍ശമായി.
ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരേയൊരു മരുന്നേയുള്ളൂ എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് ‘മോഡി, മോഡി’ എന്നു ജനം ആര്‍ത്തുവിളിച്ചു. എന്നാല്‍ അത് വികസനമാണ് എന്നായിരുന്നു മോദിയുടെ വാക്കുകള്‍.
ഇ്ത്യയില്‍ അതിവേഗമുള്ള വികസനത്തിനു തുടക്കമിട്ടുകഴിഞ്ഞു. നേരത്തേ ദിവസം രണ്ടു കി.മീ. റോഡ് നിര്‍മിച്ചിരുന്ന സ്ഥാനത്ത് ഇന്നു 11 കി.മീ. നിര്‍മിക്കുന്നു. 10 മാസം കൊണ്ടുതന്നെ രാജ്യത്ത് വിശ്വാസ്യതയുടെ അന്തരീക്ഷമുണ്ടാക്കാന്‍ കഴിഞ്ഞു. ജനങ്ങളുടെ മനസും ഏറെ മാറിക്കഴിഞ്ഞെന്ന് ‘കിത്നാ ബദല്‍ ഗയാ ഇന്സാന്…’ എന്ന സിനിമാ ഗാനം മൂളിക്കൊണ്ട് മോദി പറഞ്ഞു.
‘രാജ്യത്തെ മലിനപ്പെടുത്താന്‍ തുനിഞ്ഞവര്‍ അതു ചെയ്ത് കടന്നുപോയി. ഞങ്ങള്‍ അതു വൃത്തിയാക്കിയിട്ടേ പോകൂ’ മുന്‍ യു.പി.എ. സര്‍ക്കാരിനെതിരായ കുറ്റപ്പെടുത്തലും ഹിന്ദിയിലായിരുന്നു.
സ്കാം ഇന്ത്യ അഴിമതിയുടെ ഇന്ത്യ എന്നായിരുന്നു കുറച്ചു മുമ്പു വരെ ഇന്ത്യയുടെ പ്രതിച്ഛായ. അത് സ്കില്‍ ഇന്ത്യ വൈദഗ്ധ്യമുള്ള ഇന്ത്യ എന്നാക്കി മാറ്റും. യുവത്വമാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്. എണ്പതു കോടി യുവാക്കള്‍, 80 കോടി സ്വപ്നങ്ങള്‍, ശക്തമായ 160 കോടി കരങ്ങള്‍… ഇന്ത്യക്ക് എന്തൊക്കെത്തന്നെ എത്തിപ്പിടിക്കാനാകില്ല!
യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കണം. തൊഴിലന്വേഷകര്‍ എന്ന നിലയില്‍ നിന്ന് അവരെ തൊഴില്‍ ദാതാക്കളായി മാറ്റാനാണു ശ്രമം. മുഴുവന്‍ ലോകത്തിനും ആവശ്യമായ വിദഗ്ധ തൊഴിലാളികളെ നല്കാന് ഇന്ത്യയെ പര്യാപ്തമാക്കും. ഒരു ഹോളിവുഡ് സിനിമ നിര്‍മിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ചൊവ്വയെ തൊട്ട ഇന്ത്യക്ക് ആ സ്വപ്നവും വിജയമാക്കാന്‍ കഴിയും.
കാനഡയുമായി തനിക്ക് എന്നും മികച്ച സൗഹൃദമാണ് ഉണ്ടായിരുന്നതെന്നു സ്റ്റീഫന്‍ ഹാര്‍പറുമായി പങ്കിട്ട വേദിയില്‍ മോഡി പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2003ല്‍ ഗുജറാത്ത് വികസനത്തില്‍ കാനഡയുടെ സഹകരണമുണ്ടായി. ഇന്ന് ഇന്ത്യയുടെ കാര്യത്തില്‍ ആ സഹകരണം വിപുലമാകുന്നു- മോഡി പറഞ്ഞു.
Discussion about this post