തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് കെ സുരേന്ദ്രന് കക്ഷി ചേരുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഇതിനുള്ള അപേക്ഷ സുരേന്ദ്രന് അഭിഭാഷകന് മുഖാന്തരം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.
തിങ്കളാഴ്ചയാണ് സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് സിംഗിള്‍ ബെഞ്ച് മുമ്പാകെ ഹര്‍ജി വന്നിരുന്നെങ്കിലും പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് പിന്മാറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് കോടതി വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരാണ് ഹര്‍ജി പരിഗണിക്കുക. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ഹാജരാകുക എന്നാണ് സൂചന. തനിക്കെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍നിന്ന് നീക്കം ചെയ്യണമെന്നും ഉമ്മന്‍ ചാണ്ടി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
സര്‍ക്കാരും വിഷയത്തെ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിക്കെതിരെ സര്‍ക്കാരിനു വേണ്ടി മുകുള്‍ റോഹ്ത്തഗി കോടതിയില്‍ ഹാജരാകും. കോടതിയില്‍നിന്ന് ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ വിധിയാണുണ്ടാകുന്നതെങ്കില് കേസില്‍ ആരോപണവിധേയരായ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിക്കാനിടയുണ്ട്.
നിരവധി രാഷ്ട്രീയ സാമ്പത്തിക വിവാദങ്ങളുയര്‍ത്തിയ സോളാര്‍ തട്ടിപ്പു കേസില്‍ അന്വേഷണത്തിന് ഏകാംഗ കമ്മീഷനെ നിയമിച്ചത് മുന്‍ യു ഡി എഫ് സര്‍ക്കാരാണ്. ജസ്റ്റിസ് ശിവരാജനായിരുന്നു കമ്മീഷന് അധ്യക്ഷന്‍.
Discussion about this post