തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് പോസ്റ്റോഫീസുകള്‍ വഴി ഇനി ആധാര്‍ എടുക്കാം. പ്രധാന നഗരങ്ങളിലെ പോസ്റ്റോഫീസുകളിലാണ് ആധാര്‍ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആധാറിലെ വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം 109 പോസ്റ്റോഫീസുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
പോസ്റ്റോഫീസിലെത്തിയാല്‍ ആധാറിലെ എന്ത് വിവരങ്ങളും പുതുക്കാനാകും. അഡ്രസ്, ഫോട്ടോ തുടങ്ങിയവയിലെ തെറ്റുകളെല്ലാം തിരുത്താം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ 10 പ്രധാന പോസ്റ്റോഫീസുകളില്‍ നിലവില്‍ ആധാര്‍ സേവനങ്ങള്‍ ലഭ്യമാണ്. 109 പോസ്റ്റോഫീസുകള്‍ ആധാര്‍ പുതുക്കല്‍ സേവനം നല്കുന്നു. വൈകാതെ കേരളത്തിലെ 1,040 പോസ്റ്റോഫീസുകളില്‍ പൂര്‍ണ തോതില്‍ ആധാര്‍ സേവനം എത്തിക്കാനാണ് തപാല്‍ വകുപ്പിന്റെ ശ്രമം.
പുതുതായി ആധാര്‍ എടുക്കുന്നതിന് 50 രൂപ ഫീസടച്ച് ഫോം പൂരിപ്പിച്ച് നല്‍കണം. ആധാറിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 25 രൂപയാണ് സര്‍വീസ് ചാര്‍ജ്. യുണീക്ക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് തപാല്‍ വകുപ്പ് ആധാര്‍ സേവനങ്ങള്‍ നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ അപര്യാപ്തത ബോധപ്പെട്ടതിനെ തുടര്‍ന്നാണ് തപാലാഫീസ് വഴിയും സേവനങ്ങള്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
Discussion about this post