തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണ്ണകിയമ്മന്‍ ഹൈസ്കൂളില്‍ ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ചട്ടം ലംഘിച്ച് പതാക ഉയര്‍ത്തിയതിനും ദേശീയ ഗാനം ആലപിക്കാതിരുന്നതിനും സ്കൂള്‍ ഹെഡ് മാസ്റ്റര്‍, മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാടെത്തിയ മോഹന്‍ ഭഗവത് പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹൈസ്കൂളില്‍ പതാക ഉയര്‍ത്തിയത് വന്‍ വിവാദമായിരുന്നു. ചട്ടമനുസരിച്ച് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ല. സ്കൂള്‍ മേധാവികള്‍ക്കോ വകുപ്പ് അദ്ധ്യക്ഷന്മാര്ക്കോ ആണ് പതാക ഉയര്‍ത്താന്‍ അനുമതിയുള്ളത്. കൂടാതെ പതാക ഉയര്‍ത്തിയതിന് ശേഷം ദേശീയ ഗാനം ആലപിക്കണമെന്നും ചട്ടമുണ്ട്. എന്നാല്‍ പാലക്കാട് സ്കൂളില്‍ പതാക ഉയര്‍ത്തിയതിന് ശേഷം വന്ദേമാതരമാണ് ആലപിച്ചത്.
വിലക്ക് മറികടന്ന് പതാക ഉയര്‍ത്തിയ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സ്കൂള്‍ ഹെഡ് മാസ്റ്റര്‍, മാനേജര്‍ എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്കിയ റിപ്പോര്‍ട്ടിലാണ് നടപടി. ഇക്കാര്യത്തില്‍ ക്രിമിനല്‍ നടപടി എടുക്കുന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് പാലക്കാട് എസ്.പിക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം വിദ്യാഭ്യാസ രംഗത്ത് വര്‍ഗീയവത്കരണം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. പാലക്കാട് സ്കൂളില്‍ ആര്.എസ്.എസ് മേധാവി പതാക ഉയര്‍ത്തിയത് ഗൗരവമായ സംഭവമാണ്. ഇക്കാര്യത്തില്‍ ഡി.ഡി.ഇയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post