ഷില്ലോംഗ്: മേഘാലയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി എംഎല്‍എമാരുടെ കൂട്ടരാജി. രണ്ട് മന്ത്രിമാരടക്കം എട്ട് സിറ്റിംഗ് എംഎല്‍എമാരാണ് രാജിവെച്ച് ബിജെപി അനുകൂല സംഘടനയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറാകുന്നത്. ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുകുള്‍ സാംഗ്മയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് എംഎല്‍എമാരുടെ രാജി തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.
അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് സ്വതന്ത്രരും ഒരു യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി എംഎല്‍എയുമാണ് ഇന്നലെ രാജിവെച്ചത്. മാര്‍ച്ച് ആറിന് നിയമസഭ കാലാവധി തീരാനിരിക്കെയാണ് മന്ത്രിമാരായ സ്നിയവലാങ്ങ് ധര്, കമിങ്ങോന് വൈബോണ്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ റൊവെല്‍ ലിങ്ദോ, ഗെയിറ്റ്ലാങ്ങ് ധര്, പ്രെസ്റ്റോന്‍ ടിന്സോങ്ങ്, എംഎല്‍എമാരായ റെമിങ്ങ്ടന് പൈന്‍ഗ്രോപ്, സ്റ്റെഫാന്‍സന്‍ മുഖിം, ഹോപ്ഫുള്‍ ബാമന് എന്നിവരുടെ രാജി.
15 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയില്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി കിണഞ്ഞുശ്രമിക്കുന്നതിനിടെ എട്ടോളം എംഎല്‍എമാര്‍ രാജിവെച്ചത് രാഷ്ട്രീയമായി ഏറെ നിര്‍ണായകമാണ്. 60 അംഗ മേഘാലയ നിയമസഭയില്‍ 24 പേര് മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ അവശേഷിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പിന്തുണ ഉള്ളതിനാല്‍ സാംഗ്മ സര്‍ക്കാരിന് ഭരണം നിലനിര്‍ത്താനാകും.
Discussion about this post