ഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തില്‍ ലോക്സഭയില്‍ ‘പാക്കിസ്ഥാന് മൂര്‍ദാബാദ്’ വിളികളുമായി എംപിമാര്‍. ജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന സന്ദര്‍ഭത്തിലാണു ബിജെപി പ്രതിനിധികള്‍ ലോക്സഭയില്‍ പാക്കിസ്ഥാന് മൂര്‍ദ്ദാബാദ് വിളികളുയര്‍ത്തിയത്. പുതുവര്‍ഷത്തലേന്നു നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച അഞ്ചു ജവാന്മാര്ക്കും സഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.സ്പീക്കര്‍ സുമിത്രാ മഹാജന് സഭയിലേക്കു കടന്നു വരുമ്പോഴായിരുന്നു എംപിമാരുടെ പ്രതികരണം.
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ സിആര്‍പിഎഫ് ക്യാംപിനുനേരെ നടന്ന ചാവേര്‍ ആക്രമണത്തിലാണ് അഞ്ചു ജവാന്മാര് വീരമൃത്യു വരിച്ചത്. മൂന്നു സൈനികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ മൂന്നു ഭീകരരെയും സൈന്യം വധിച്ചു. കശ്മീര്‍ താഴ്വരയിലെ ലെത്പോറയില്‍ സിആര്‍പിഎഫിന്റെ 185-ാം ബറ്റാലിയന് ക്യാംപിനുനേരെ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം നടന്നത്. സൈനിക വേഷത്തിലാണു ഭീകരരെത്തി ആക്രമണം നടത്തിയത്.
ദിവസങ്ങള്‍ക്കു മുമ്പ് കുല്ഭൂഷണ് ജാദവ് വിഷയത്തിലും ശിവസേന, ബിജെപി എംപിമാര്‍ ലോക്സഭയില്‍ പാക്കിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു.
Discussion about this post