ബെംഗളൂരുവില്‍ നിന്ന് കാല്‍നടയായി പുറപ്പെട്ട ശബരിമല തീര്‍ഥാടകരുടെ ഒപ്പം അടുത്തുകൂടിയ തെരുവ് നായ നടന്നത് സന്നിധാനം വരെ 780 കിലോമീറ്റര്‍. ആദ്യം നായയെ ഭയന്ന് പലതവണ ഓടിച്ചു വിട്ടെങ്കിലും വീണ്ടും പിന്നാലെ നടന്നു. പിന്നെ നായയെ അവര്‍ ഭൈരവന് എന്ന് വിളിച്ച് തുടങ്ങി. അങ്ങനെ ഭൈരവന് തീര്‍ത്ഥാടകരോടൊപ്പം സന്നിധാനം വരെ നടന്നു.
മൂന്ന് പേരുടെ സംഘമാണ് ബെംഗളൂരുവില്‍ നിന്ന് കാല്‍നടയായി ശബരിമല തീര്‍ത്ഥാടനത്തിന് പുറപ്പെട്ടത്. ഇതില്‍ ബെംഗളൂരു സ്വദേശി ആനന്ദിനോടൊപ്പമാണ് ഭൈരവന് വന്നത്. ഡിസംബര്‍ 16ന് മഹേഷ്, വെങ്കിടേഷ് എന്നിവരോടൊപ്പം ബെംഗളൂരുവില്‍ നിന്നു കെട്ടുമുറുക്കി പുറപ്പെട്ട ആനന്ദ് പിറ്റേദിവസം ഹോസൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴാണ് നായ പിന്നാലെ കൂടിയത്. അവര്‍ വിശ്രമിക്കുമ്പോള്‍ വിശ്രമിച്ചും, നടപ്പ് വേഗത്തിലാക്കുമ്പോള്‍ വേഗത്തില്‍ നടന്നും ഭൈരവനും നീങ്ങി. ചായയോ പാലോ വാങ്ങി നല്കിയാല് അവനും കുടിക്കും.
സേലം വരെ ഒപ്പം കൂടിയപ്പോഴാണ് പിന്നെ നായയെ ഭൈരവന് എന്ന് പേര് വിളിച്ച് തുടങ്ങിയത്. 19 ദിവസം കൊണ്ടാണ് ആനന്ദും സംഘവും എരമേലിയില്‍ എത്തിയത്. പേട്ട തുള്ളാന്‍ വേഷമിട്ടപ്പോള്‍ ഭൈരവന്റെ മുഖത്തും ചായം തേച്ചു പൊട്ടു തൊടീച്ചു. കൊച്ചമ്പലത്തില്‍ നിന്നു പേട്ടകെട്ടി വലിയമ്പലത്തില്‍ എത്തി.
കരിമല വഴിയുള്ള കാനനപാതയില്‍ തീര്‍ത്ഥാടകരുടെ തിരക്കിനിടയില്‍ മുന്നില്‍ നടന്ന ഭൈരവനെ കാണാതെ പോയി. പമ്പയിലും സന്നിധാനത്തുമെല്ലാം തിരഞ്ഞെങ്കിലും ഭൈരവനെ കണ്ടെത്താനായില്ല. ഒടുവില്‍ ആനന്ദും സംഘവും മാളികപ്പുറം ക്ഷേത്രത്തിന് സമീപം വിശ്രമിക്കുമ്പോള്‍ ഭൈരവന് അവര്‍ക്കരികിലേക്ക് ഓടിയെത്തുകയായിരുന്നു. ഇടയ്ക്ക് കാണാതെ പോയതില്‍ സങ്കടം തീര്‍ത്ത് സ്നേഹപ്രകടനമായിരുന്നു പിന്നെ. അങ്ങനെ ഭൈരവന് വീണ്ടും അവരോടൊപ്പം തന്നെ കൂടി.
Discussion about this post