മുംബൈ: മുംബൈയില്‍ ഒ.എന്‍.ജി.സിയിലെ ജീവനക്കാരുമായി പോയി കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. കോപ്റ്ററില്‍ ഉണ്ടായിരുന്ന ഏഴുപേരില്‍ രണ്ടു പേര് മലയാളികളാണ്. ഇതില്‍ നാലുപേര്‍ മരിച്ചു. വി കെ ബാബു, കോതമംഗലം സ്വദേശി ജോസ് ആന്റണി എന്നിവരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്ന മലയാളികള്‍.
ഇവരും രണ്ട് പൈലറ്റുമാരും അടക്കം ഏഴ് പേരാണ് കോപ്ടറില്‍ ഉണ്ടായിരുന്നത്. ഒ.എന്‍.ജി.സിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി ജോലി നോക്കുകയായിരുന്നു ജോസ്. മൃതദേഹങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കോപ്ടറില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെയാണ് ഹെലികോപ്ടര്‍ കാണാതായത്. രണ്ട് പൈലറ്റുമാരും അഞ്ച് യാത്രക്കാരുമായി ജൂഹുവില്‍ നിന്ന് പറന്നുയര്‍ന്ന കോപ്ടര്‍, 30 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. രാവിലെ 10.30നാണ് കോപ്ടറില്‍ നിന്നുള്ള അവസാന സന്ദേശം എയര്‍ ട്രാഫിക് കണ്ട്രോളില് ലഭിച്ചത്.
പവന്‍ഹാന്‍സ് വിഭാഗത്തില്‍പെട്ട വി.ടി പി.ഡബ്ളിയു. എ കോപ്ടര്‍ എണ്ണ പര്യവേക്ഷണം നടത്തുന്നിടത്ത് ഇറങ്ങേണ്ടതായിരുന്നു.
Discussion about this post