കൊല്ലം: പോരുവഴി ശാസ്താംനട അയ്യപ്പക്ഷേത്രത്തിലെ കഞ്ഞിസദ്യക്കിടെ ഒരുസംഘം നടത്തിയ ആക്രമണത്തില്‍ മൂന്നു യുവാക്കള്‍ക്ക് വെട്ടേറ്റു. കാറിലെത്തിയ മൂന്നംഗസംഘം മാരകായുധങ്ങളുമായി മണിക്കൂറോളം ക്ഷേത്രമൈതാനിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മകരവിളക്കിന്റെ ഭാഗമായി ക്ഷേത്രത്തില്‍ രാവിലെമുതല്‍ കഞ്ഞിസദ്യയുണ്ടായിരുന്നു. സേവനം നടത്തിയവര്‍ വിളമ്പ് കഴിഞ്ഞശേഷം കഞ്ഞികുടിക്കുന്നതിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. കഞ്ഞിയില്‍ മണ്ണും പൊടിയും വീണതോടെ ക്ഷുഭിതരായ ഭക്തര്‍ ചോദ്യംചെയ്തു. ഇത് വാക്കേറ്റത്തില്‍ കലാശിച്ചു. ഇതിനിടെ കാറില്‍ ഒളിപ്പിച്ചിരുന്ന വടിവാളും ആയുധങ്ങളുമായി അക്രമികള്‍ ചോദ്യംചെയ്തവര്ക്കുനേരേ തിരിഞ്ഞു. കഞ്ഞികുടിച്ചുകൊണ്ടിരുന്ന ഭക്തരെ വടിവാള്‍വീശി ഓടിക്കുകയായിരുന്നു. പ്രശ്നത്തില്‍ ഇടപെട്ടവരെയും തടസ്സം പിടിക്കാനെത്തിയവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ഒരാള്‍ വടിവാള്‍ വീശിക്കൊണ്ട് എല്ലാവരെയും ഓടിച്ചു. ഇതിനിടെയാണ് മൂന്നുപേര്‍ക്ക് വെട്ടേറ്റത്. തുടര്‍ന്ന് കാറില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ കാര്‍ തടഞ്ഞവര്ക്കിടയിലൂടെ അമിതവേഗത്തില്‍ ഓടിച്ചുപോയി. ഓടിമാറിയതിനാലാണ് പലരും രക്ഷപ്പെട്ടത്.
പോരുവഴി അമ്പലത്തുംഭാഗം മഞ്ജുഭവനത്തില്‍ മനു (29), അനന്ദുഭവനത്തില്‍ അനില്‍ (37), ചിറയുടെ വടക്കതില്‍ ജയപ്രകാശ് (34) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മനുവിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഇവര്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പോരുവഴി അമ്പലത്തുംഭാഗം കൈപ്പുഴ കുറ്റിവീട്ടില്‍ അന്‍സില്‍, ഹസീനാ മന്‍സിലില്‍ ഹാഷിം, അഞ്ചാലുംമൂട് അഷ്ടമുടി സ്വദേശിയായ മറ്റൊരു യുവാവ് എന്നിവരെ പ്രതികളാക്കി ശൂരനാട് പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പറയപ്പെടുന്നു. എന്നാല്‍ സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ആക്രമണം നടത്തിയെന്ന് പറയുന്നവര്‍ ഇടതു സംഘടനകളുടെ അനുഭാവികളുമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം വിശദീകരിച്ചു.
സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്. വൈകീട്ട് ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ ഭക്തര്‍ ശാസ്താംനടയില് പ്രകടനം നടത്തി. അഞ്ചാലുംമൂട് സ്വദേശി ഉള്‍പ്പെടെ അക്രമിസംഘത്തിലുണ്ടായിരുന്ന മൂന്നുപേരെയും തിരിച്ചറിഞ്ഞു.
Discussion about this post