(നിലപാട്) ടി സുധീര്‍
‘ഒരു പന്തിയില്‍ രണ്ടു വിളമ്പ്’ എന്നായിരുന്നു കഴിഞ്ഞ ആഴ്ച വരെ മലയാളസമൂഹം പൊതുവില്‍ അംഗീകരിച്ച പഴമൊഴി. എന്നാല്‍ ഇന്നലെ മുതല്‍ അതില്‍ ചെറിയ ഒരു മാറ്റമുണ്ടായി ‘ഒരു എസ്.എസ്.എല്‍.സി യ്ക്ക് രണ്ടു റിസള്‍ട്ട്’ എന്ന ന്യൂജെന്‍ മൊഴി ഇറക്കി നമ്മുടെ വിദ്യാഭ്യാസവകുപ്പ് കേരളഭരണകൂടത്തില് ഒരു തൂവല്‍ കൂടി കുത്തിച്ചേര്ത്തു..തൂവലും പപ്പും പൂടയും കൊണ്ട് കൂടത്തിന്റെ തല നിറഞ്ഞിരിക്കുന്നത് കൊണ്ട് പുതിയ തൂവല്‍ കുത്താന്‍ ശ്ശി ബുദ്ധിമുട്ടി..!! എന്നാലും ഒടുവില്‍ ഒരു വിധത്തില്‍ അഡ്ജസ്റ്റ് ചെയ്തു…!!
ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി കേരളത്തിലെ പത്താംക്ലാസ് പരീക്ഷയെ പ്രഖ്യാപിക്കണം എന്ന ശുപാര്‍ശയുമായി ആരൊക്കെയോ പോയിട്ടുണ്ട്..!! ഗിന്നസ് ബുക്കിന്റെ ചട്ടയുടെ അകത്തെങ്കിലും ഈ സംഭവം എഴുതിയിടണം എന്ന ആവശ്യവും ഉയരുന്നുണ്ട്.. കേരളയുവജനോത്സവം പോലെ ഏറ്റവും കൂടുതല്‍ കുട്ടികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും പങ്കെടുക്കുന്ന കലാപരിപാടി എന്നോ മറ്റോ ഒരു വ്യാഖ്യാനം കൊടുത്താല്‍ മതി. വേണമെങ്കില്‍ ഒരു പരീക്ഷയ്ക്ക് രണ്ടു ഫലപ്രഖ്യാപനം നടത്തുന്ന ലോകത്തിലെ ഏക പ്രതിഭാസം എന്ന് കൂടി ചേര്‍ക്കാം..!! ഒരാളും തര്‍ക്കിക്കാനോ മത്സരിക്കാനോ വരില്ല.
ഇപ്പോള്‍ ആലോചിക്കുന്നത് പത്തിരുപത്തഞ്ച് കൊല്ലം മുന്‍പ് പത്താംക്ലാസ് പരീക്ഷ എഴുതാന്‍ സഹിച്ച കഷ്ടപ്പാടുകളാണ്..!! എന്തൊക്കെ ചടങ്ങുകളായിരുന്നു..? അതിരാവിലെ എഴുന്നേല്‍ക്കണം, പല്ലുതേച്ച് പുസ്തകത്തിനു മുന്നിലിരിക്കണം, പഠിച്ചത് വീണ്ടും വീണ്ടും വായിച്ച് മനസ്സില്‍ ഉറപ്പിക്കണം.. 600 ല്‍ 210 എന്ന കടമ്പയ്ക്കപ്പുറത്തേയ്ക്ക് മറിഞ്ഞു വീഴാന്‍ കയ്യിലുള്ള സകല അഭ്യാസവും കാട്ടണം.. അന്നൊക്കെ 500 ന് മുകളില്‍ മാര്‍ക്ക് മേടിക്കുന്ന സഹപാഠിയെ കപില്ദേവിനെപ്പോലെയാണ് കണ്ടിരുന്നത്. മാര്‍ച്ചിലെ രണ്ടാം ബുധനാഴ്ച മുതല്‍ മൂന്നാം ബുധനാഴ്ച വരെ 6 പ്രവൃത്തി ദിവസം കൊണ്ട് ഓരോ ദിവസവും രണ്ടെണ്ണം എന്ന കണക്കില്‍ 12 പരീക്ഷകള്‍.. എന്താണെ അന്നത്തെ വെള്ളിയാഴ്ചകള്‍ക്ക് ഇന്നത്തെ അത്രയും ദിവ്യത്വം ഇല്ലാഞ്ഞത് കൊണ്ടായിരിക്കാം, അന്ന് വെള്ളിയാഴ്ചകളിലും പരീക്ഷ ഉണ്ടായിരുന്നു. പിന്നെ മെയ് അവസാന വാരത്തിലെ ഫലപ്രഖ്യാപനം വരെ നഖം കടിച്ചുള്ള കാത്തിരിപ്പ്.. ഓര്‍ക്കുമ്പോള്‍ നാണം തോന്നുന്നില്ലേ.. ഇത്രേം സിമ്പിളായി പഠനവും പരീക്ഷയും ഫലപ്രഖ്യാപനവും കഴിഞ്ഞ് എ പ്ലസ്സിന്റെ കൊട്ടയുമായി പുറത്തേയ്ക്ക് വരുന്ന ന്യൂജെന്‍ പത്തന്മാരെ കാണുമ്പോള്‍ പഴയ പത്തന്മാര്ക്ക് സിസ്സെറിയന് കഴിഞ്ഞ മരുമകളോട് പേറ്റുനോവിന്റെ വേദന അനുഭവിച്ച് പത്തു പ്രസവിച്ച അമ്മായിയമ്മയ്ക്ക് തോന്നുന്നതിനേക്കാള്‍ അസൂയ തോന്നുന്നു… എന്റെ റബ്ബേ, ഇങ്ങള്ക്ക് ഒരു പത്തു മുപ്പത് കൊല്ലം മുന്‍പ് ജനിച്ചൂടായിരുന്നോ കോയാ…?
ആകെ പരീക്ഷയെഴുതിയവരില്‍ നൂറില്‍ തൊണ്ണൂറ്റെട്ടു പേരെ വച്ച് ജയിപ്പിക്കുക എന്നത് ബുദ്ധിമുട്ടല്ല..തോല്‍പ്പിക്കാന്‍ പറ്റിയ നൂറില്‍ രണ്ടു പേരെ കണ്ടെത്താനായിരുന്നു ബുദ്ധിമുട്ട് എന്നാണ് പേപ്പര്‍ നോക്കിയ അധ്യാപകര്‍ പറയുന്നത്..!! അത്രേം നിലവാരവും അറിവുമാണ് കഴിഞ്ഞ പത്തുമാസം കൊണ്ട് സര്‍ക്കാരും അധ്യാപകരും ചേര്‍ന്ന് ഈ പാവത്തുങ്ങളുടെ തൊണ്ടയിലെയ്ക്ക് ഇടിച്ചു കയറ്റി വിട്ടിരുന്നത്…ആ മേദസ്സൊക്കെക്കൂടി ഒറ്റയടിക്ക് പരീക്ഷാപ്പേപറില് വമനം ചെയ്തു വച്ചാല്‍ എ പ്ലസ് അല്ല അതിലും വലുത് വരും. ശ്വാസകോശത്തെക്കുറിച്ച് വിശദീകരിക്കാനുള്ള ചോദ്യത്തിന് ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന മഹദ്വചനം എഴുതിവിട്ട മിടുക്കനും കൊടുക്കണം എ പ്ലസ്..!ഈ രണ്ടും കെട്ട വിദ്യാഭ്യാസസമ്പ്രദായത്തില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ അറിവും വെവരവും സിനിമാക്കോട്ടയിലെ പരസ്യത്തില്‍ നിന്നും കിട്ടും എന്ന് മനസ്സിലാക്കിയ അവനാണ് യഥാര്‍ത്ഥ വിദ്യാര്‍ഥി..!!
സംശയം അതല്ല; ഇപ്പോള്‍ത്തന്നെ 97.99 ആണ് വിജയശതമാനം.. ഇതിലേയ്ക്കാണ് ഇനി പുനര്‍മൂല്യനിര്‍ണയം കൊണ്ടുവന്ന് തട്ടാന്‍ പോവുന്നത് എന്ന് കേള്‍ക്കുന്നു..!! അപ്പോള്‍പ്പിന്നെ ഈ ശതമാനം എവിടെപ്പോയി നില്ക്കും റബ്ബേ..? 103 ശതമാനം ജയം എന്നൊക്കെ പത്രത്തില്‍ വായിക്കേണ്ടി വരുമോ..? സാക്ഷരതയില്‍ ഒന്നാം സ്ഥാനം എന്ന ചീത്തപ്പേര് പണ്ടേയുണ്ട്..!! ഇനിയിപ്പോള്‍ ഇതും കൂടിയായിക്കോട്ടേ…!! ഫലം പ്രഖ്യാപിക്കുമ്പോള്‍ പത്താംക്ലാസ് പരീക്ഷ എഴുതിയവരെ മാത്രമല്ല..!! സ്കൂള്പടിയ്ക്കലെ ചായക്കടയില്‍ ഗ്ലാസ് കഴുകാന്‍ നില്ക്കുന്ന ബംഗാളിപ്പയ്യനെക്കൂടി പരിഗണിക്കണം.. പാവങ്ങള്‍; അവര്‍ക്കും കിട്ടട്ടെ റബ്ബേ അഞ്ചാറു എ പ്ലസ്..!!
വെറുതെയൊന്നുമല്ല ഈ കുമ്പിള് കുത്തിയുള്ള പാസ്സാക്കല്‍ എന്ന് കുറ്റം പറയുന്നവരുണ്ട്..! പരീക്ഷ എഴുതിയവര്‍ മുഴുവന്‍ പാസ്സായി ഇറങ്ങിയാല്‍ അവര്‍ക്കെല്ലാവര്‍ക്കും ചേര്‍ന്ന് പഠിക്കാനുള്ള പ്ലസ് ടൂ സീറ്റുകള്‍ ഇല്ലാതെ വരും..! അപ്പോള്‍ കൂടുതല്‍ സ്കൂളില്‍ പ്ലസ് ടൂ സീറ്റും അധ്യാപകരുടെ പോസ്റ്റും അനുവദിച്ച് കോഴ വാങ്ങാം എന്നൊക്കെയാണ് ശത്രുക്കളുടെ കഥ… അവരൊക്കെ അങ്ങനെ പലതും പറയും..അതൊന്നും കേട്ട് നമ്മള് തളരരുത് !! പത്താംക്ലാസ് ഫലപ്രഖ്യാപനം കൂടുതല്‍ ഉദാരമാക്കണം.. സോഫ്റ്റ്വെയറിന്റെ ഇക്കുമത്ത് കൊണ്ടാണ് രണ്ടു തവണ ഫലപ്രഖ്യാപനം വന്നത് എങ്കില്‍ അടുത്ത തവണ സോഫ്റ്റ്വെയര് തന്നെ വേണ്ടാ എന്ന് വയ്ക്കണം..
സമത്വത്തിന്റെ പാരമ്യത്തില്‍ ഭരണകൂടം കൊഴിഞ്ഞ് ഇല്ലാതെയാകും എന്ന് പറയുന്നത് പോലെ പരീക്ഷ തന്നെ ഇല്ലാതെ ഫലം പ്രഖ്യാപിക്കാന്‍ കഴിയുന്ന ഒരു ദിവസം വരണം. അന്നേ നമ്മള് പഠിക്കൂ…!!
Discussion about this post