തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരത്ത് സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. തിരുവല്ലം സ്വദേശിനി ജയയ്ക്കാണ് (50) അക്രമിയുടെ വെട്ടേറ്റത്. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ ജയയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ എട്ടു മണിയോടെ ഭക്തരുള്‍പ്പെടെ നിരവധിപേര്‍ നോക്കിനില്‍ക്കെ ആയിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പാച്ചല്ലൂര്‍ സ്വദേശി മുരുകനെ (60) തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്ഷേത്രത്തിനടുത്ത് ഭക്തര്‍ക്ക് രാവിലെ അന്നദാനം നടത്തുന്ന കേന്ദ്രത്തിന് സമീപം വച്ചായിരുന്നു സംഭവം. സേവാഭാരതിയുടെ നേതൃത്വത്തിലാണ് അന്നദാന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നുള്ള സ്റ്റാളില്‍ പൂജാസാധനങ്ങളും തോര്‍ത്തും വില്‍പ്പന നടത്തി വരികയായിരുന്നു ജയ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തിരുവല്ലം ക്ഷേത്രത്തില്‍ ചുറ്റിപ്പറ്റി കഴിയുകയായിരുന്ന മുരുകന് അന്നദാന കേന്ദ്രത്തിലെ ജോലിക്കാരനായിരുന്നു. ഇന്നലെ രാവിലെ മുരുകനെ ഇവിടുത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതോടെ ക്ഷേത്ര പരിസരത്ത് നിന്ന് മടങ്ങിയ മുരുകന് ഇന്നലെ തിരുവല്ലം പാലത്തിന് സമീപത്താണ് കഴിഞ്ഞത്. ഇന്ന് രാവിലെ വീണ്ടും തിരുവല്ലം ക്ഷേത്രപരിസരത്തെത്തിയ മുരുകന് പൂജാ സ്റ്റാളില്‍ തിരക്കൊഴിഞ്ഞ തക്കം നോക്കി അവിടെയെത്തി. സേവാഭാരതിയുടെ അന്നദാനമന്ദിരത്തിലുപയോഗിക്കുന്ന വെട്ടുകത്തി കൈക്കലാക്കിയ ഇയാള്‍ അതുപയോഗിച്ച് ജയയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു.
Discussion about this post