തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമികച്ചവടരംഗത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം. നിലവില്‍ റിയല്‍ എസ്റ്റേറ്റ് രംഗം തകര്‍ച്ചയുടെ വക്കിലാണെന്നും അതിന് കാരണം നോട്ടു്സാധുവാക്കിയ കേന്ദ്ര സര്‍ക്കാരാണെന്നും സിപിഎം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം ഭൂമിയുടെ ന്യായവില പത്ത് ശതമാനമാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. ഇതോടൊപ്പം എല്ലാ സേവനങ്ങള്‍ക്കുള്ള ഫീസില്‍ അഞ്ച് ശതമാനത്തിന്റേയും വര്‍ദ്ധന വരുത്തിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് ന്യായവില വര്‍ദ്ധിപ്പിച്ചത്. 2010-ലാണ് സംസ്ഥാനത്ത് ഭൂമിക്കു ന്യായവില നിശ്ചയിച്ചത്. 2014ല്‍ ന്യായവില 50% വര്‍ദ്ധിപ്പിച്ചിരുന്നു. ന്യായവില കൂട്ടുന്നതോടെ 100 കോടിയിലേറെ രൂപയുടെ അധികവരുമാനം സര്‍ക്കാരിന് ലഭിക്കും.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ആധാരങ്ങള്‍ക്ക് വില്പന വിലയുടെ 0.2 ശതമാനം ഏതാണോ അത് മുദ്രവിലയായും തീരുമാനിച്ചു. ഇതിലൂടെ 25 കോടിയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കും.
ചിട്ടി നിയമപ്രകാരമുള്ള ആര്ബിട്രേഷന് നടപടികള്‍ക്ക് ആര്ബിട്രേഷന് തുകയുടെ രണ്ട് ശതമാനം കോര്‍ട് ഫീസും ഏര്‍പ്പെടുത്തി. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്ന് ആധാരത്തിന്റെ പകര്‍പ്പ് എടുക്കുന്നതിന് 10 പേജ് വരെ നിലവിലുള്ള നിരക്കും 10 പേജില്‍ കൂടുതലുള്ള ഓരോ പേജിനും അഞ്ച് രൂപ നിരക്കില്‍ അധിക ഫീസും നല്‍കണം. പൊതുമരാമത്ത് പ്രവൃത്തികള്‍ക്കും മറ്റ് സേവന കരാറുകള്‍ക്കും കരാര്‍ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ മുദ്രവില ഈടാക്കും.സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് കുടുംബാംഗങ്ങള്‍ തമ്മിലുള്ള മുക്ത്യാറുകള്‍ക്കുള്ള മുദ്രവില 300 രൂപയില്‍ നിന്ന് 600 രൂപയാക്കിയിട്ടുണ്ട്.
ഭൂമി കച്ചവടം ഗണ്യമായി കുറഞ്ഞത് നിര്‍മ്മാണ മേഖലയേയും പ്രതിസന്ധിയിലാക്കിയിരുന്നു.
Discussion about this post