യുപി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനം ചര്‍ച്ചയാവുന്നതിന് മുമ്പെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃസ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുപിയിലെ രണ്ട് ലോകസഭ മണ്ഡലങ്ങളില്‍ എസ് പി, ബിഎസ്പി സഖ്യം വിജയിച്ചതോടെ ബിജെപിക്കെതിരെ വിശാലസഖ്യം എന്ന ആശയം ശക്തമായിരുന്നു. മമത ബാനര്ജിയുള്പ്പടെയുള്ള നേതാക്കള്‍ വിശാലസഖ്യ സാധ്യത മുന്നില്‍ കണ്ട് പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതൃത്വമല്ലാതെയുള്ള പ്രതിപക്ഷ സഖ്യം എന്ന സാധ്യതയാണ് ഇവര്‍ മു്ന്നോട്ടുവെക്കുന്നത്. ഇതോടെ അങ്കലാപ്പിലായ രാഹുല്‍ ഗാന്ധി നേതാക്കളുടെ പിന്തുണ ഉറപ്പിക്കാന്‍ രംഗത്തിറങ്ങി.
യുപിയില്‍ രണ്ട് മണ്ഡലത്തിലും കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിരുന്നു. ത്രിപുരയില്‍ പാര്‍ട്ടി പൂര്‍ണമായും തകര്‍ന്നടിഞ്ഞു. നാഗാലാന്റില്‍ പാടെ തോറ്റ കോണ്‍ഗ്രസിന് മേഘാലയയില്‍ ഭരണം നഷ്ടപ്പെടുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലല്ലാത്ത പ്രതിപക്ഷ മുന്നണി എന്ന ആശയം ശക്തമാകുന്നത്.
ബി.ജെ.പിക്കെതിരെയുള്ള ഒരു സഖ്യം രൂപീകരിക്കാനുള്ള പദ്ധതിയുമായി രാഹുല്‍ ഗാന്ധി ശരദ് പവാറിനെ സന്ദര്‍ശിച്ചതിന് പിന്നില്‍ ഇത്തരമൊരു നീക്കം തടയുക എന്ന ലക്ഷ്യമുണ്ടെന്നാണ് സൂചന. യു.പിയിലെ തിരഞ്ഞെടുപ്പ ഫലപ്രഖ്യാപനം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ കൂടിക്കാഴ്ച നടന്നത്. മുംബൈയില്‍ സര്‍ക്കാരിനെതിരെയുള്ള കര്‍ഷക റാലി സംഘടിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചയാളായിരുന്നു ശരദ് പവാര്‍.നേരത്തെ സോണിയഗാന്ധിയെ പ്രധാനമന്ത്രിയാക്കരുതെന്ന പരസ്യ നിലപാടെടുത്തയാളാണ് ശരത് പവാര്‍. തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ശരത് പവാര്‍ എന്‍സിപി രൂപീകരിക്കുകയാും കോണ്‍ഗ്രസിനെ പാടെ തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയ ചാണക്യനായ പവാറിന്റെ പിന്തുണ ഗുണം ചെയ്യുമെന്നാണ് രാഹുലിന്റെ കണക്കു കൂട്ടല്‍. പക്ഷേ ഇതുവരെയും കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് വ്യക്തമായ നിലപാട് ശരത് പവാര്‍ വെളിപ്പെടുത്തിയിട്ടില്ല.
പവാറിനെ കണ്ടതിന് പിന്നാലെ രാഹുല്‍ മമതയെയും സന്ദര്‍ശിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കള്‍ക്ക് വേണ്ടി ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇരുപതോളം പാര്‍ട്ടികളിലെ നേതാക്കന്മാര് ഇതില്‍ പങ്കെടുത്തിരുന്നു. മമത പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ പ്രതിനിദിയെ അയച്ചിരുന്നു.
Discussion about this post