ഇന്ത്യയിലെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സൗദിക്കാരിയായതില് സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡോ. നൗഫ് മര്‍വായ് . രാജ്യത്ത് യോഗയ്ക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നതിനു പിന്നില്‍ സൗദി സ്പോര്‍ട്സ് മന്ത്രാലയത്തിലെ വനിതാവിഭാഗം പ്രസിഡന്റ് റീമ ബിന്ത് ബന്തര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരിയുടെ സേവനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ യോഗ പ്രോല്‍സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തതിന് ഇന്ത്യാ സര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡിന് അര്‍ഹയായ അറബ് യോഗ ഫൗണ്ടേഷന് അധ്യക്ഷ ഡോ നൗഫ് മര്‍വായിക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഒരുക്കിയ ആദരചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിശുദ്ധ നഗരമായ മക്കയില്‍ ഉള്‍പ്പെടെ സൗദിയുടെ എല്ലാ ഭാഗങ്ങളിലും യോഗ പരിശീലകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൗദികള്‍ക്കിടയില്‍ യോഗയ്ക്ക് വന്‍ പ്രചാരമാണ് രാജ്യത്ത് ലഭിക്കുന്നതെന്നും കോണ്‍സുലേറ്റ് ഒരുക്കിയ അനുമോദനച്ചടങ്ങില്‍ മര്‍വായ് പറഞ്ഞു.
രാജ്യത്തെ പ്രതികൂല കാലാവസ്ഥയ്ക്കിടയിലും യോഗ പരിശീലനത്തില്‍ താല്പര്യം കാണിച്ച വിദ്യാര്‍ഥികള്‍ക്കാണ് തനിക്ക് ലഭിച്ച ആദരങ്ങളുടെയെല്ലാം ക്രെഡിറ്റ്. അവരില്ലെങ്കില്‍ തനിക്ക് ഈ വലിയ നേട്ടങ്ങളൊന്നും കൈവരിക്കാന്‍ ആവുമായിരുന്നില്ലെന്നും മര്‍വായ് പറഞ്ഞു. യോഗ പരിശീലകയ്ക്കു പുറമെ, ആയുര്‍വേദ ഡോക്ടറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ലൈഫ്സ്റ്റൈല്‍ കൗണ്‍സിലറും കൂടിയാണ് ഡോ. നൗഫ് മര്‍വായ്. ഇതിനകം 3000 വിദ്യാര്‍ഥികളെ യോഗ പരിശീലിപ്പിക്കുന്നതോടൊപ്പം 500 ട്രെയിനര്‍മാരെ വാര്‍ത്തെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. സൗദിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശെയ്ഖ് അനുമോദന പത്രം സമ്മാനിച്ചു.
Discussion about this post