ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ‘ദളിത് മിത്ര’ എന്ന പദവി നല്കി ആദരിച്ചിരിക്കുകയാണ് അംബേദ്കര്‍ മഹാസഭ. അംബേദ്കറുടെ 127ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ലഖനൗവില്‍ നടന്ന ചടങ്ങിലായിരുന്നു യോഗിയ്ക്ക് ഈ പദവി നല്‍കിയത്. ചടങ്ങില്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറായ റാം നായിക്കും ഉപമുഖ്യമന്ത്രിമാരായ കേശവ് മൗര്യയും ദിനേശ് ശര്‍മ്മയും പങ്കെടുത്തിരുന്നു.
അംബേദ്കറുടെ തത്ത്വങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കുന്നതിന് വേണ്ടി രൂപപ്പെടുത്തിയ സംഘടനയാണ് അംബേദ്കര്‍ മഹാസഭ. ദളിതര്‍ക്കെതിരെയുള്ള പീഢനക്കേസുകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാന്‍ വേണ്ടി സംസ്ഥാനത്ത് 25 പ്രത്യേക കോടതികള്‍ രൂപികരിക്കുമെന്ന് ചടങ്ങില്‍ ആദിത്യനാഥ് പ്രഖ്യാപിച്ചു. ദളിത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന്റെ തുക 2250 രൂപയില്‍ നിന്നും 3000 ആക്കി കൂട്ടിയെന്നും അദ്ദേഹം അറിയിച്ചു. ഈ തുക വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ രണ്ട് തവണകളായി ഒക്ടോബറിലും ജനുവരിയിലും ഇടുമെന്ന് അദ്ദേഹം ഉറപ്പ് നല്കി.
അംബേദ്കറുമായി ബന്ധപ്പെട്ട് കിടക്കുന്ന അഞ്ച് സ്ഥലങ്ങളിലുള്ള ദളിതരുടെ ഉന്നമനത്തിനായി വിവധ പദ്ധതികള്‍ നടപ്പിലാക്കിയത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദളിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അംബേദ്കറെ യോഗി ചടങ്ങില്‍ വെച്ച് സ്തുതിച്ചിരുന്നു. പ്രതികൂലമായ സാഹചര്യങ്ങളിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടുകയും മറ്റ ദളിതര്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും ചെയ്ത അംബേദ്കര്‍ എല്ലാവര്ക്കും ഒരു പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post