കോണ്‍ഗ്രസിന്റെ കൈയ്യില്‍ രക്തം പുരണ്ടിട്ടുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്മാന് ഖുര്‍ഷിദ് പറഞ്ഞു. തെറ്റുകളില്‍ നിന്നും പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. അലീഗര്‍ മുസ്ലീം യൂണിവേഴ്സിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥി ചോദിച്ച ചോദ്യത്തിന് ഉത്തരമെന്ന രീതിയിലാണ് ഖുര്‍ഷിദ് ഈ പ്രസ്താവന നടത്തിയത്. അമീര്‍ എന്ന വിദ്യാര്‍ത്ഥി 1984ല്‍ നടന്ന സിഖ് കലാപത്തെപ്പറ്റിയും 1992ല്‍ ബാബറി മസ്ജിദ് പൊളിച്ചതിന് ശേഷമുണ്ടായ കലാപത്തെക്കുറിച്ചുമായിരുന്നു ചോദിച്ചത്. ഈ രണ്ട് സംഭവങ്ങളും നടക്കുമ്പോള്‍ കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു.
“ഞങ്ങളുടെ കൈയ്യിലുള്ള രക്തക്കറ കാണിക്കുന്നത് മൂലം മറ്റുള്ളവര്‍ ഞങ്ങളുടെ അനുഭവത്തില്‍ നിന്നും പാഠം പഠിക്കണം. നിങ്ങള്‍ അവരെ ആക്രമിച്ചാല്‍ നിങ്ങളുടെ കൈയ്യിലായിരിക്കും രക്തക്കറ പറ്റുക. നിങ്ങള്‍ ഇനി പത്ത് കൊല്ലം കഴിഞ്ഞ് ഇതേ സര്‍വ്വകലാശാലയിലേക്ക് വരുമ്പോള്‍ മറ്റാരും ഈ ചോദ്യം നിങ്ങളോട് ചോദിക്കാന്‍ പാടില്ല.”-സല്മാന് ഖുര്‍ഷിദ് മറുപടി പറഞ്ഞു.
ചീഫ് ജസ്റ്റിസിനെതിരെയുള്ള ഇംപീച്ച്മെന്റ് നീക്കത്തെയും സല്മാന് ഖുര്‍ഷിദ് എതിര്‍ത്തിരുന്നു. ഒരു ജഡ്ജിയുടെ കാഴ്ചപ്പാടിനോടൊ കോടതിയുടെ കാഴ്ചപ്പാടിനോടൊ വിസമ്മതം ഉണ്ടെങ്കില്‍ ഇംപീച്ച് ചെയ്യുക എന്ന നടപടി ശരിയല്ലായെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post