കൊച്ചി: കൈവെട്ട് കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചു. 10 പ്രതികള്‍ക്ക് 8 വര്‍ഷം തടവാണ് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി വിധിച്ചത്. പ്രതികളെ സഹായിച്ച് മറ്റ് 3 പേര്‍ക്കും 2 വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. പ്രതികള്‍ ചെയ്ത കുറ്റം പൊറുക്കാനാവുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചു. സമൂഹത്തിനു മുഴുവന്‍ ഭീഷണിയാകുന്ന തരത്തിലാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള യുഎപിഎ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. അദ്ധ്യാപകനു പ്രതികള്‍ 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിധി പ്രഖ്യാപനത്തിന് മുന്‍പ് പ്രതികളുടെയും പ്രോസിക്യൂഷന്റെ വാദം കോടതി കേട്ടു.
31 പ്രതികളെ വിചാരണ ചെയ്തതില്‍ 18 പേരെ തെളിവില്ലാത്തതിനാല്‍ കോടതി നേരത്തെ വിട്ടയച്ചിരുന്നു. ഇന്റേണല്‍ പരീക്ഷയുടെ മലയാളം ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ 2010 ജൂലൈ നാലിനാണ് മതതീവ്രവാദികള്‍ ടി ജെ ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയത്.ഞായറാഴ്ച പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന ടി ജെ ജോസഫിനെ വാനിലെത്തിയ ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു നേതൃത്വം നല്കിയ ഒന്നാം പ്രതി അടക്കം അഞ്ചു പ്രതികള്‍ ഒളിവിലാണ്.
Discussion about this post