പത്തനംതിട്ട: ഫേസ്ബുക്കില്‍ ഇത് കുത്തിപൊക്കലുകളുടെ കാലമാണ്. പോലിസ് ഭീകരതയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കുത്തിപൊക്കി തുടങ്ങിയ ‘ആഘോഷം’ പിന്നെ എല്ലാവരും ഏറ്റെടുത്തു. ഒരു മാസത്തോളമായി തുടരുന്ന കുത്തിപൊക്കല്‍ ഭീകരതയ്ക്ക് ഇരയായത് എംഎല്‍എ വീണ ജോര്‍ജ്ജാണ്. പത്തനംതിട്ടയില്‍ കുളമായ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ ചിത്രം സഹിതം പോസ്റ്റിട്ട യുവാവിനെ വീണയുടെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്തതതാണ് ഇപ്പോഴത്തെ കുത്തിപൊക്കലിന് ഇടയാക്കിയത്.
”നമ്മുടെ യുവാക്കള്‍ക്ക് കായികപരിശീലനത്തിനും, വിനോദത്തിനും, വ്യായാമത്തിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കപ്പെടേണ്ടതുണ്ട്. പത്തനംതിട്ടയുടെ ഹൃദയഭാഗത്ത് 15 ഏക്കറിലുള്ള സ്റ്റേഡിയത്തിന്റെ വികസനം ആവശ്യമാണ്. . എന്നാല്‍ ട്രാക്കുകള്‍ തകര്‍ന്നു കിടക്കുന്നു. പലയിടങ്ങളും കാട് പിടിച്ചിരിക്കുന്നു. മഴ പെയ്താല്‍ പകുതി ഭാഗവും ചളിക്കുളമാകും. ആറു മാസം മുമ്പ് തുടങ്ങിയ പവലിയന് നിര്‍മ്മാണം പാതിവഴിയില്‍ . എന്നിട്ടും രാവിലെ നിരവധിപേര്‍ ഇവിടെ വ്യായാമത്തിനും മറ്റുമായി എത്തുന്നു. സ്റ്റേഡിയവും തൊട്ടടുത്തുള്ള ജിംനഷ്യം സെന്ററും രാവിലെ സന്ദര്‍ശിച്ചു.”
-എന്ന വീണ ജോര്‍ജ്ജിന്റെ പോസ്റ്റാണ് വിമര്‍ശകര്‍ കുത്തിപൊക്കിയത്.
ബസ് സ്റ്റാന്റില്‍ നാട്ടുകാര്‍ നീന്തല്‍ പഠിക്കുന്നുണ്ട് എന്നും, ഹൃദയഭാഗത്ത് തന്നെ കുളം പണിത് തന്ന എംഎല്‍എയ്ക്ക് അഭിവാദ്യങ്ങളെന്നും പോസ്റ്റിന് താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. പിറകെ എംഎല്‍എയെ വിമര്‍ശിച്ചു, പിന്തുണച്ചും നിരവധി പേര് എത്തിയിട്ടുണ്ട്.
നേരത്തെ ബസ് സ്റ്റാന്റിന്റെ ശോചനീയവാസ്ഥയെ ട്രോളി പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ എംഎല്‍എയുടെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എംഎല്‍എയുടെ സഭാ ബന്ധവും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു ഈ പോസ്റ്റ്. പോസ്റ്റിലെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതും മതധ്രുവീകരണം ഉണ്ടാക്കുന്നതും ആണെന്ന് കാണിച്ചായിരുന്നു വീണയുടെ പരാതി.
മുമ്പ് തെരഞ്ഞെടുപ്പ് കാലം തൊട്ട ചര്‍ച്ചയായ ആരോപണങ്ങള്‍ വീണ്ടും പറഞ്ഞതിനാണ് യുവാവിനെ അറസ്റ്റ് ചെയ്യിച്ചതെന്നാണ് വിമര്‍ശകരുടെ വാദം. ഇതേ തുടര്‍ന്ന് ‘അറസ്റ്റ് മീ ടു’ കാമ്പയിനുമായി ഒരു സംഘം രംഗത്തെത്തിയിരുന്നു.
Discussion about this post