ടൈപ്പ് 2ഡയബീറ്റീസ് ഉള്ളവര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാദ്ധ്യത ഏതാണ്ട് 32 ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. യുവാക്കളായിരിയ്ക്കുമ്പോഴേ ഡയബിറ്റീസ് വന്നവര്‍ക്ക് ഇതില്‍ സാദ്ധ്യത കൂടുതലാണ്. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഗവേഷകരാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ടൈപ് 2 ഡയബീറ്റീസ് രോഗമില്ലാത്ത ആള്‍ക്കാരേക്കാള്‍ ടൈപ് 2 ഡയബിറ്റീസ് ഉള്ളവര്‍ക്ക് ഏതാണ്ട് മൂന്നിരട്ടിയോളമാണ് പാര്‍ക്കിന്‍സണ്‍സ് രോഗസാദ്ധ്യത കൂടുതലുള്ളത്. പാര്‍ക്കിന്‍സണ്‍സ് രോഗവും ഡയബീറ്റീസും തമ്മില്‍ ബന്ധമുണ്ടെന്ന സിദ്ധാന്തത്തിന് ഈ പഠനം കൂടുതല്‍ തെളിവുകള്‍ നല്‍കിയിരിയ്ക്കുകയാണ്. ഡയബിറ്റീസും പാര്‍കിന്‍സണ്‍സ് രോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകരുടെ ഏറെ നാളായി സംശയം പ്രകടിപ്പിച്ചിരുന്നു.
”പാര്ക്കിന്സണ് രോഗവും ടൈപ്പ് 2 ഡയബിറ്റീസും തമ്മില്‍ ബന്ധമുണ്ടെന്നുള്ളതിനു ഈ ഗവേഷണഫലം പുറത്തുവന്നതോടെ തീര്‍ച്ചയായും തെളിവായി. പക്ഷേ എന്താണ് ഇവ തമ്മിലുള്ള ബന്ധമെന്നതിനു കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തേണ്ടതുണ്ട്”. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ മസ്തിഷ്കവൈദ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ടോം വാര്‍ണര്‍ പറഞ്ഞു. പ്രൊഫസര്‍ ടോം വാര്‍ണറിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.
ചലനപേശികളെ നിയന്ത്രിയ്ക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിയ്ക്കുന്നതുമൂലം അനിയന്ത്രിതമായ വിറയലും ശരീരം സ്തംഭിയ്ക്കലും സ്വാഭാവികമായ ചലനവും സാദ്ധ്യമല്ലാതെ വരികയും ചെയ്യുന്ന രോഗമാണ് പാര്‍ക്കിന്‍സണിസം.
ലോകത്ത് ഏറ്റവും കൂടുതല്‍ ഡയബീറ്റീസ് രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രണ്ടായിരാമാണ്ടില്‍ 31.7 ദശലക്ഷം ഡയബിറ്റീസ് രോഗികള്‍ ഉള്ള ഇന്ത്യയില്‍ 2030ഓടുകൂടി അതിന്റെ ഇരട്ടിയിലധികം രോഗികള്‍ ഉണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. വ്യായാമമില്ലാത്തതും അനിയന്ത്രിതമായ ഭക്ഷണശൈലിയും ഡയബീറ്റീസ് രോഗത്തിന്റെ വ്യാപ്തി വളരെ കൂട്ടുന്നു. ശരീരത്തിലും കരളിലും കൊഴുപ്പ് അടിഞ്ഞു കൂടുകയും അതിന്റെ ഫലമായി ശരീരം ഇന്‍സുലിനോട് പ്രതികരിയ്ക്കാതെയുമാകുമ്പോള് ഉണ്ടാകുന്ന ഇന്‍സുലില്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥയാണ് ഡയബീറ്റീസ് രോഗത്തിലേയ്ക്ക് നയിയ്ക്കുന്നതിലെ പ്രധാനപ്പെട്ട ഒരു കാരണം.
ചിട്ടയായ ഭക്ഷണ ക്രമവും, ആരോഗ്യപരിപാലനവും വ്യായാമവും കൊണ്ട് ഡയബിറ്റീസിനെ നിയന്ത്രിയ്ക്കാനാകും. ഒപ്പം മരുന്നുകളോ ഇന്‍സുലിനോ വേണ്ടിവന്നേക്കാം. ഡയബീറ്റീസ് അവഗണിയ്ക്കേണ്ട രോഗമല്ലെന്നും, നാഡീസംബന്ധമായും വൃക്കസംബന്ധമായും ഉണ്ടാകുന്ന അനേകം രോഗങ്ങള്‍ക്ക് ഡയബീറ്റീസ് കാരണമാകുന്നെന്നും നേരത്തേ തന്നെ അറിയാമായിരുന്നു.
പാര്‍ക്കിന്‍സണ്‍സ് രോഗത്തിനും ഡയബീറ്റീസ് ഒരു അപകടസാദ്ധ്യതയാണെന്ന് വരുമ്പോള്‍ ആ രോഗത്തിനെ നിയന്ത്രിയ്ക്കുകയും ജീവിതക്രമവും ഭക്ഷണവും കര്‍ശനമായി നിയന്ത്രിച്ച് രോഗസാദ്ധ്യത അകറ്റേണ്ടുന്നതിന്റേയും ആവശ്യകത കൂടുതല്‍ ഉറപ്പാകുകയാണ്.
Discussion about this post