തൂത്തുക്കുടിയില്‍ നിന്ന് കൊണ്ടുവന്ന പതിനായിരം കിലോയോളം വരുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക് പോസ്റ്റില്‍ പിടിച്ചുവച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഫോര്‍മാലിന്‍ കലര്‍ത്തിയ ആറായിരം കിലോഗ്രാം മത്സ്യം വാളായാര്‍ ചെക്പോസ്റ്റിലും പിടിച്ചിരുന്നു. കഴിഞ്ഞയാഴ്ച അമരവിള ചെക്പോസ്റ്റിലും മാരകമായ അളവില്‍ ഫോര്‍മാലിന്‍ അടങ്ങിയ പതിനായിരം കിലോയോളം മത്സ്യം പിടിച്ചെടുത്തിരുന്നു. കേരളത്തില്‍ ട്രോളിങ്ങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ ഇത്തരത്തില്‍ മായം ചേര്‍ത്ത മീനിന്റെ വന്‍ ഒഴുക്കാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി മുതലായ മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നാണ് ഇവയെത്തുന്നത്.
എന്താണ് ഫോര്‍മാലിന്‍?
ഫോര്‍മാല്‍ഡീഹൈഡ് എന്ന ഓര്‍ഗാനിക രാസവസ്തുവിനെ വെള്ളത്തില്‍ അലിയിച്ച ലായനിയാണ് ഫോര്‍മാലിന്‍ എന്നറിയപ്പെടുന്നത്. 30 മുതല്‍ 40 ശതമാനം വരെ ഫോര്‍മാല്‍ഡിഹൈഡ് ലായനിയാണിത്. CH2O എന്നതാണ് ഇതിന്റെ രാസനാമം. അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ച് ഇത് ഫോമിക് ആസിഡ് എന്ന രാസവസ്തുവുമായി മാറും. റബറിനു ഉറയൊഴിയ്ക്കുന്നത് ഫോമിക് ആസിഡ് കൊണ്ടാണ്. സിഗററ്റുപുകയില് കാന്‍സര്‍ വരുത്താന്‍ കാരണമായ അനേകം രാസവസ്തുക്കളില്‍ ഒന്ന് ഈ ഫോര്‍മാല്‍ഡിഹൈഡ് ആണ്.
ഫോര്‍മാലിന്‍ ഉപയോഗങ്ങള്‍?
ഫോര്‍മാലിന്‍ സാധാരണയായി മൃതദേഹങ്ങള്‍ അഴുകാതെ സൂക്ഷിയ്ക്കാനും വൈദ്യ പരീക്ഷണശാലകളില്‍ ശരീരകലകള്‍ സൂക്ഷിയ്ക്കാനും മറ്റുമാണ് പൊതുവേ ഉപയോഗിയ്ക്കുന്നത്. അപൂര്‍വമായി ചിലപ്പോള്‍ രോഗാണുക്കളെ കൊല്ലാനും (Disinfectant) ഫോര്‍മാലിന്‍ ഉപയോഗിയ്ക്കാറുണ്ട്. പക്ഷേ യൂറോപ്യന്‍ യൂണിയനില്‍ മൃതദേഹങ്ങള്‍ അഴുകാതിരിയ്ക്കാനോ എംബാമിങ്ങിനോ ആ രാസവസ്തു ഉപയോഗിയ്ക്കുന്നത് പോലും ഇപ്പോള്‍ നിരോധിച്ചിരിയ്ക്കുകയാണ്.
ഫോര്‍മാലിന്‍ വിഷമാണോ?
അതേ. ഫോര്‍മാലിന്‍ വളരെക്കുറഞ്ഞ അളവില്‍ പെട്ടെന്ന് ദോഷമോ രോഗലക്ഷണങ്ങളോ ഒന്നും വരുത്തിയില്ലെങ്കിലും കുറഞ്ഞ അളവിലായാല്‍പ്പോലും സ്ഥിരമായി ഉപയോഗിയ്ക്കുന്നത് അനേകം രോഗങ്ങള്‍ക്ക് കാരണമാകും. ഫോര്‍മാലിന്‍ ഒരു കാന്‍സര്‍ വരുത്തുന്ന രാസവസ്തുവായാണ് ലോകാരോഗ്യസംഘടന നിര്വചിച്ചിരിയ്ക്കുന്നത്. വളരെച്ചെറിയ അളവില്‍പ്പോലും ഫോര്‍മാലിന്‍ ശ്വസിച്ചാല്‍ അലര്‍ജി ഉണ്ടാകാം . കണ്ണു ചൊറിയുക, തുമ്മല്‍, മൂക്കൊലിപ്പ് എന്നീ രോഗലക്ഷണങ്ങളാകും ഉണ്ടാവുക.
ഫോര്‍മാലിന്‍ കലര്‍ത്തിയ ഭക്ഷണം കഴിച്ചവര്‍ക്ക് തലചുറ്റല്‍, ഛര്‍ദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടേക്കാം. വളരെക്കൂടിയ അളവില്‍ പെട്ടെന്നുള്ള മരണം പോലും സംഭവിക്കാം.
സ്ഥിരമായി ഫോര്മാലിനുമായി ഇടപഴകിയാല്‍ കാന്‍സറിനു കാരണമാകാന്‍ സാദ്ധ്യതയുണ്ടെന്ന് അനേകം പഠനങ്ങള്‍ സംശയമില്ലാത്തവിധം തെളിയിച്ചിട്ടുണ്ട്. മൂക്കിലെ സൈനസില്‍ ബാധിയ്ക്കുന്ന കാന്‍സര്‍, ചിലതരം രക്താര്‍ബുദങ്ങള്‍, തലച്ചോറില്‍ വരുന്ന കാന്‍സര്‍ ഒക്കെ ഫോര്മാലിനുമായി സ്ഥിരം ഇടപഴകുന്ന ജോലികള്‍ ചെയ്യുന്നവരില്‍ കൂടുതലായി കാണുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.
തായ്ലാന്ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, ചൈന, പാകിസ്ഥാന്, ബംഗ്ളാദേശ് എന്നിവിടങ്ങളിലെല്ലാം ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യവും മാംസവും വില്‍ക്കുന്നതായി കണ്ടിട്ടുണ്ട്. ഉഷ്ണകാലവും ശീതീകരിച്ച് സൂക്ഷിയ്ക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുമെല്ലാം ഇതിനു കാരണമായി പറയുന്നു. ബംഗ്ളാദേശില്‍ ഫോര്‍മാലിന്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കലര്‍ത്തിയാല്‍ ജീവപര്യന്തം കഠിനതടവും ഏതാണ്ട് അഞ്ചുലക്ഷം രൂപയ്ക്കു മുകളില്‍ പിഴയും ശിക്ഷ ലഭിയ്ക്കുന്ന കുറ്റമാണ്.
ഫോര്‍മാലിന്‍ കലര്‍ന്ന ഭക്ഷണം എങ്ങനെ ഒഴിവാക്കാം?
മത്സ്യം മാംസം എന്നിവയിലാണ് ഫോര്‍മാലിന്‍ കൂടുതലായി ഉപയോഗിയ്ക്കുക. അതില്‍ത്തന്നെ മത്സ്യത്തിലാണ് ഏറ്റവും കൂടുതല്‍ നമ്മുടേ നാട്ടില്‍ കാണുന്നത്. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുമാത്രം മത്സ്യം വാങ്ങുക എന്നതാണ് പ്രധാന വഴി. ഫോര്‍മാലിന്‍ കലര്‍ന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ഏറ്റവും ഉറപ്പുള്ള വഴി രാസപരിശോധന നടത്തുകയാണ്. പക്ഷേ അതിനു സാദ്ധ്യമല്ലാത്ത അവസരങ്ങളില്‍
1. മത്സ്യത്തിന്റെ കണ്ണിനു നിറവ്യത്യാസമുണ്ടോ എന്ന് നോക്കുക
2. ഫോര്‍മാലിന്‍ കലര്‍ത്തിയാല്‍ ദശ(മാംസം) കട്ടിയാകും. മീനില്‍ തൊട്ടുനോക്കി മാംസം അസാധാരണമായി കട്ടിയായിരിയ്ക്കുകയാണോ എന്ന് പരിശോധിയ്ക്കുക.
3. ചെതുമ്പലുകള്‍ക്ക് നിറവ്യത്യാസമുണ്ടോ എന്ന് നോക്കാം
4. മീനില്‍ രാസവസ്തുക്കളുടെ മണമുണ്ടോ എന്ന് നോക്കുക. ഫോര്മാലിനു രൂക്ഷഗന്ധമാണുള്ളത്. അത് ചേര്‍ത്താല്‍ മീനിന്റെ സ്വാഭാവികമായ ഗന്ധം ഇല്ലാതായി പകരം രൂക്ഷഗന്ധം ഉണ്ടാവും.
പ്രതിവിധികള്‍ എന്തൊക്കെ?
1.ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വില്‍ക്കുന്നു എന്ന് തോന്നിയാല്‍ ഉടനേ തന്നെ അധികൃതരെ വിവരം അറിയിയ്ക്കുക. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസിലോ ജില്ലാ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരേയോ അറിയിയ്ക്കാം.
മാര്‍ക്കറ്റുകളില്‍ വച്ച് തന്നെ മീനിലെ ഫോര്‍മാലിന്‍ അളവ് തിരിച്ചറിയാനാകും വിധമുള്ള കിറ്റുകള്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ എത്തിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മീന്‍ പഴയതുപോലെ പരീക്ഷണശാലയില്‍ എത്തിച്ച് പരിശോധിയ്ക്കേണ്ട ആവശ്യമില്ല.
2. ഫോര്‍മാലിന്‍ കലര്‍ന്നെന്ന് സംശയം തോന്നിയാല്‍ മീന്‍ വാങ്ങാതിരിയ്ക്കുക. ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ ഉപയോഗിയ്ക്കരുത്.
3. മീനിന്റെ ചെതുമ്പലുകളും തൊലിയും പൂര്‍ണ്ണമായും നീക്കം ചെയ്യുക.
4. ഫോര്‍മാലിന്‍ വെള്ളത്തിലലിയുന്ന രാസവസ്തുവാണ്. പൂര്‍ണ്ണമായും മീനില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും വൃത്തിയായി തൊലിയും ചെതുമ്പലും കളഞ്ഞ് കഴുകുന്നതും നല്ലവണ്ണം വേവിയ്ക്കുന്നതും കുറേയൊക്കെ രാസവസ്തുക്കള്‍ ഒഴിവാക്കാന്‍ സഹായിയ്ക്കും.
5. അസ്വസ്ഥത തോന്നിയാല്‍ ഉടനേ തന്നെ വൈദ്യസഹായം ചെയ്യുക. പെട്ടെന്ന് ആളപായം ഉണ്ടാകുന്ന നിലയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം ഇതുവരെ കേരളത്തില്‍ വിറ്റഴിച്ചിട്ടില്ല. സ്ഥിരമായ ഉപയോഗമോ ഫോര്മാലിനുമായി സ്ഥിരമായി ബന്ധത്തില്‍ വരികയോ ചെയ്താലേ കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഉണ്ടാവുകയുള്ളൂ.
അതുകൊണ്ട് പേടിയ്ക്കുകയോ ആധിപടര്ത്തുകയോ ചെയ്യേണ്ടതില്ല. പക്ഷേ ഭക്ഷ്യസുരക്ഷയില്‍ വളരെ ശ്രദ്ധ പതിപ്പിയ്ക്കുകയും മായം കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിയ്ക്കുകയും വേണം.
മത്സ്യം മാത്രമല്ല മാംസവും അഴുകാതിരിയ്ക്കാന്‍ ഫോര്‍മാലിന്‍ ഉപയോഗിയ്ക്കാന്‍ സാദ്ധ്യതയുണ്ട്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്ത പേപ്പര്‍ സ്ട്രിപ്പ് പരിശോധന ഒരു സ്ട്രിപ്പിനു കേവലം ഒരു രൂപാ മാത്രമേ ചിലവുവരുകയുള്ളൂ. ഫലം പെട്ടെന്ന് തന്നെ ലഭിയ്ക്കുകയും ചെയ്യും.അതുകൊണ്ട് എല്ലാത്തരം മത്സ്യ മാംസാദികളും മാര്‍ക്കറ്റില്‍ ചെന്ന് തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച് ഇത്തരം രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇപ്പോള്‍ ചെക്ക്പോസ്റ്റില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ പിടിയ്ക്കപ്പെട്ടതുകൊണ്ട് ഇനി തമിഴ്നാട്ടില്‍ നിന്നും മറ്റും ഫോര്‍മാലിന്‍ കലര്‍ത്താതെ തന്നെ കേരളത്തിന്റെ അതിര്‍ത്തി കടത്തിയ ശേഷം ചെക്ക്പോസ്റ്റ് കഴിഞ്ഞ് അത് കലര്‍ത്തി വിറ്റഴിയ്ക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട് മാര്‍ക്കറ്റുകളിലേക്ക് ഈ പരിശോധന വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
Discussion about this post