പോലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.ഡൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥനെ മൊബൈല്‍ ഉപയോഗിച്ച് ഇടിച്ചത് സാധാരണക്കാരന് ആയിരുന്നെങ്കില്‍ വധശ്രമത്തിന് കേസ് എടുക്കില്ലേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. എ ഡി ജി പി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ തനിക്കെതിരെ നല്കിയ പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും കാണിച്ച് ഗവാസ്ക്കര്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ കഴുത്തിന് മര്‍ദ്ദിച്ചത് സാധാരണക്കാരനായിരുന്നെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 308 വകുപ്പ് ചുമത്തി വധശ്രമത്തിന് കേസെടുക്കില്ലേ എന്ന് കോടതി ചോദിച്ചു. അങ്ങനെ കേസെടുക്കാവുന്നതാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെയും മറുപടി.ഗവാസ്ക്കറുടെയും എ.ഡി.ജി.പിയുടെ മകളുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് വിലയിരുത്തി വരികയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു.
എ.ഡി.ജി.പിയുടെ മകളുടെ മൊഴിയും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗവാസ്കറുടെ അറസ്റ്റ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞിട്ടുണ്ട് .ഹര്‍ജി ഈ മാസം 19 ന് വീണ്ടും പരിഗണിക്കും.
Discussion about this post