സതീഷ് മാധവ്
‘ഒരു സക്ക് ഏരിയന്‍ അപാരത’
വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഒരു രാമായണമാസകാലത്തിന് മുമ്പ്. ഏതോ വിജൃംഭിത പുരോഗമനക്കാരന്റെ വേദി.
സക്കറിയ ഹാജരുണ്ട്. മലയാള കവിതയിലെ ക്ഷുഭിതയൗവനം എന്ന വിശേഷണത്തിനിരയായ കവിയാണ് വേദിയിലെ മറ്റൊരാള്‍. സക്കറിയ തന്റെ പ്രസംഗത്തിനിടയില്‍ സീതാദേവിയെ തൊണ്ടിമുതല്‍ എന്ന് വിശേഷിപ്പിച്ചു. മറുപടിയില്‍ ക്ഷുഭിത യൗവനം കത്തിക്കയറി, ‘പരിശുദ്ധ മറിയത്തെ പിഴച്ചുപെറ്റവള്‍ എന്ന് ആരെങ്കിലും വിളിച്ചാല്‍ ക്രിസ്ത്യാനിയായ സക്കറിയയ്ക്ക് എത്ര വേദനയുണ്ടാകുമോ അതിലേറെ വിഷമം സീതാദേവിയെ തൊണ്ടിമുതലെന്ന് വിളിച്ചുകേട്ടപ്പോള്‍ എനിക്കുണ്ടായി. സക്കറിയയുടെ പ്രസംഗം കേട്ടപ്പോള്‍ ഒരു കാര്യം എനിക്കുറപ്പായി. അദ്ദേഹം രാമായണം വായിച്ചിട്ടില്ലെന്ന്. വായിക്കാത്ത പുസ്തകത്തെക്കുറിച്ച് അഭിപ്രായം പറയുന്നവന് ചെറ്റയാണെന്നത് എന്റെ പഴയ നിലപാടാണ്. ഇപ്പോഴും ഞാനതില്‍ ഉറച്ചുനില്‍ക്കുന്നു.’
സക്കറിയയുടെ കാര്യത്തില്‍ ഈ നിലപാട് മാറ്റേണ്ടിവരില്ല എന്നതിന്റെ സൂചനയാണ് ഒ.വി. വിജയനെതിരെ അദ്ദേഹം നടത്തുന്ന കടന്നാക്രമണങ്ങള്‍ നല്‍കുന്നത്. മന്ദാരത്തിന്റെ ഇലകള്‍ തുന്നിച്ചേര്‍ത്ത പുനര്‍ജനിയുടെ കൂടും വിട്ട് വിജയന് പോയിട്ട് പതിമൂന്ന് കൊല്ലമായി. കൂമന്‍കാവില്‍ ബസിറങ്ങി രവി നടന്ന കാലം മുതല്‍ പത്മാസനത്തിന്റെ പടിവാതിലില്‍ മഹാസമാധിയിലേക്ക് ആണ്ടുപോകും വരെ മലയാളത്തിന്റെ സാഹിത്യത്തിന്റെ ശിഖരസ്പന്ദമായി നിലകൊണ്ട മഹാവ്യക്തിത്വം. ഇതിഹാസമായിരുന്നു വിജയന്. തുല്യനിന്ദാ സ്തുതിര്മൗനിയായി ഹൈന്ദവതയുടെ അനന്തസ്ഥലികള്‍ തേടിയ എഴുത്തിന്റെ ആ ഹിമശൃംഗത്തിനുമുന്നില് ഈ സക്കറിയ ആരാകാനാണ്?
ധര്‍മ്മപുരാണത്തില്‍ വിജയന് വിസ്തരിച്ച ചീഞ്ഞളിഞ്ഞുദുര്ഗന്ധം വമിക്കുന്ന അമേധ്യക്കൂമ്പാരം അമൃതാക്കിയ ഒരു സാംസ്കാരിക ഗുണ്ടയ്ക്ക് ഇതിനപ്പുറം ഒന്നുമാകാന്‍ കഴിയില്ല.
വിജയന് ഗുരുസാഗരവും മധുരം ഗായതിയുമൊക്കെ എഴുതി എഴുത്തിന്റെ അതീന്ദ്രിയമേഖലയിലേക്ക് കടക്കുമ്പോള്‍ തെറിപ്പുസ്തകം പടയ്ക്കുന്ന തിരക്കിലായിരുന്നു സക്കറിയ. അഞ്ഞൂറ് പേജിനും മുകളില്‍ നില്ക്കുന്ന ആ അശ്ലീലമലം മലയാളത്തില്‍ പ്രീപബ്ലിക്കേഷന്‍ വെച്ച ഒരു പ്രസാധകക്കൂട്ടമുണ്ട്. കഥയെഴുത്തില്‍ വന്ധീകരണം സംഭവിച്ച് വരവ് അടഞ്ഞുപോയവന്റെ ഒടുക്കത്തെ വഴിയാണ് ഇത്. വിവകാനന്ദപ്പാറയെ പോലും മണിയറയായി കാണാനുള്ള വൈകൃതം ഉള്ളില്‍പേറുന്ന ഒരു പ്രകൃതി വിരുദ്ധന്‍ എത്തിച്ചേരാവുന്ന പരമാവധി ഇടം.
സക്കല്‍ കലാവല്ലഭന്റെ ചൊറിച്ചില്‍ ഒ.വി, വിജയനോടല്ലെന്നുറപ്പ്. വിജയന് പറ്റിയ തണ്ടിയല്ല ഉരുളികുന്നത്തുകാരന് എന്നതു വേറെ കാര്യം. പ്രശ്നം വിജയന് മൃദുഹിന്ദുവായതാണ്. പോള്‍ സക്കറിയയക്ക് ക്രിസ്ത്യാനിയാകാം. വിജയന് ഹിന്ദുവായിക്കൂടാ എന്ന് സാരം. സഞ്ജയന്റെ പേരില്‍ തപസ്യ കലാസാഹിത്യവേദി നല്കുന്ന പുരസ്കാരം മഹാകവി അക്കിത്തത്തില്‍ നിന്ന് വിജയന് ഏറ്റുവാങ്ങിയതാണ് ചൊരുക്കിന് കാരണം.
തപസ്യയുടെ നിലപാട് ദേശീയതയാണ്. അത് തീര്‍ത്തും സ്വതന്ത്രമാണ് താനും. എതിരഭിപ്രായങ്ങളെയും വിമൃശൈ്യദശേഷേണ എന്ന ബുദ്ധിയോടെ ആദരിക്കാനുള്ള സാംസ്കാരിക പക്വത നേടിയിട്ടുണ്ട് ആ സംഘടന. അതിന്റെ പേരില്‍ ഒ.വി. വിജയനെ ചൊറിയാന്‍ പോകുന്ന സക്കേരിയന് കുബുദ്ധികള്‍ക്ക് വേറെ ചില പേരുകള്‍ കൂടി പറഞ്ഞുതരട്ടെ. തപസ്യയുടെ വേദികളില്‍ വരികയും തപസ്യയെ അംഗീകരിക്കുകയും ചെയ്ത ചിലരുടെ. കെ.പി. കേശവമേനോന്, വി.ടി. ഭട്ടതിരിപ്പാട്, ഒളപ്പമണ്ണ, വികെഎന്‍, ഡോ:സുകുമാര്‍ അഴീക്കോട്, എം.വി. ദേവന്, വൈലോപ്പിള്ളി, തിക്കോടിയന്, ഒ.എന്‍,വി. കുറുപ്പ്, കാക്കനാടന്, നരേന്ദ്രപ്രസാദ്, എന്‍.എന്‍. കക്കാട്, ബാലമണിയമ്മ, മാധവിക്കുട്ടി, … അങ്ങനെ എത്രയോ പേര്…. ചൊറിച്ചില്‍ കലശലാകുന്നുണ്ടോ ഉരുളികുന്നത്തുകാരന്…
ഒ.വി. വിജയന് ഏറ്റുവാങ്ങിയ ഇതേ പുരസ്കാരം എം.വി.ദേവനും ടി. പത്മനാഭനും സി.രാധാകൃഷ്ണനും പി. വത്സലയും തപസ്യയുടെ വേദിയില്‍ വന്ന് അന്തസോടെ സ്വീകരിച്ചിട്ടുണ്ട്. അതിനൊക്കെ ഒരു നിലവാരം വേണം സക്കറിയ. അതില്ലാതെ പോവുമ്പോള്‍ പിന്നെ ഉന്നതശീര്‍ഷര്‍ക്ക് നേരെ ഇങ്ങനെ ഇളിച്ചുകാട്ടി പത്രത്തില്‍ പേരു വരുത്തി പ്രശസ്തി വിറ്റുതിന്നുകയേ നിര്‍വാഹമുള്ളൂ. തപസ്യയുടെ ദുര്‍ഗാദത്ത പുരസ്കാരം വാങ്ങിയതിന് കഥാകൃത്ത് സുഭാഷ്ചന്ദ്രനെയും ഇദ്ദേഹം ഇതേവിധം കടന്നാക്രമിച്ചിട്ടുണ്ട്.
മലയാള സാഹിത്യത്തിലെ എച്ച്ഐവി പോസിറ്റീവ് എന്ന് ഒരു യുവനിരൂപകനെക്കൊണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിളിപ്പിച്ച ‘കറുത്ത കൈ’ ആണ് സക്കറിയയുടത്. വേദികള്‍ തോറും നടന്ന് എഴുത്തുകാരെ ഹിന്ദുവെന്ന് കള്ളിതിരിച്ച് തെറിപ്പാട്ട് പാടുന്ന ഈ രോഗത്തിന് ഇതില്‍ കൂടുതല്‍ എന്ത് പേരിട്ടുവിളിക്കാനാണ്.
‘കണ്ണിന്റെ കണ്ണുകള്‍ മിഴിക്കവേ ശേഷനും ശേഷശായിയുമില്ല. പിന്നെ തിരയും കടലുമില്ല. ചുമലില്‍ ആരൂഢനായിരുന്ന ദൈവമൂര്ത്തിയില്ല. ചിറകുകളില്ല. കൊക്കും നഖങ്ങളുമില്ല. കണ്ണുകളുമില്ല. വ്യാപിക്കുകയും ഉള്‍വലിയുകയും വീണ്ടും വ്യാപിക്കുകയും ചെയ്യുന്ന ജ്യോതിസ്സായി താന്‍ മാത്രം ബ്രഹ്മസ്ഥലികളിലൂടെ പറന്നു.'(ഗുരുസാഗരം).
ഒ.വി. വിജയന് നടന്ന വഴിയിലേക്ക് ഒന്ന് എത്തിനോക്കാന്‍ പോലും ഭയപ്പെടും ഈ വെറും സക്കറിയ എന്ന് സാരം.
Discussion about this post