കൊച്ചി: കാടിളക്കിയുള്ള അന്വേഷണവും തിരിച്ചിലും നടത്തിയിട്ടും മഹരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒളിവില്‍ തുടരുന്നത് പോലിസിന് നാണക്കേടായി. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ പോലും പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്നാണ് വിമര്‍ശനത്തിന്റെ ആഴം കൂട്ടുന്നത്. നെട്ടൂര്‍ സ്വദേശികളായ ആറ് പേരും മഹാരാജാസിലെ വിദ്യാര്‍ഥിയായ മുഹമ്മദുമാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളത് എന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം ഒളിവിലാണ്. ഒരാള്‍ വിദേശത്തേക്ക് കടന്നുവെന്നാണ് പോലിസ് പറയുന്ന്. മറ്റുള്ളവര്‍ എവിടെ എന്നതില്‍ പോലിസിന് കൃത്യമായ സൂചനകള്‍ പോലുമില്ല.
എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെക്കുറിച്ചുള്ള എല്ലാ സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ടെന്നുമാണ് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശിന്റെ അവകാശവാദം. ഒരാഴ്ചക്കുള്ളില്‍ പ്രതികള്‍ വലയിലാകുമെന്നാണ് പോലിസ് ഇപ്പോഴും പറയുന്നത്.
കേസില്‍ നിലവില്‍ അറസ്റ്റിലായിരിക്കുന്നവരെല്ലാം പ്രധാന പങ്ക് വഹിച്ചവര്‍ തന്നെയാണ്. പ്രതികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തവരാണ് പിടിയിലുള്ളത്. അഭിമന്യുവിനെ കുത്തിയ സംഘത്തെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോവുകയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളുടെ കുടുംബം ഉള്‍പ്പടെയുള്ളവര്‍ ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇവരുടെ ബാക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് സാമ്പത്തിക ശ്രോതസ് അടയ്ക്കാനുള്ള ശ്രമവും പൂര്‍ത്തിയായിട്ടില്ല.പ്രതികള്‍ക്ക് പല സ്ഥലങ്ങളില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കര്‍ണാടകയിലും കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പോലീസ് മുഖ്യപ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പോലിസ് ജാഗരൂകരായിട്ടും പ്രതികള്‍ രക്ഷപ്പെട്ടതാണ് പോലിസിനെ പ്രതിക്കൂട്ടിലാക്കുന്നത്. നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്്റ്റഡിയിലെടുത്തും, ഓഫിസുകളില്‍ റെയ്ഡ് നടത്തിയും, കരുതല്‍ തടങ്കലില്‍ വച്ചും പോലിസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തികച്ചും ആസൂത്രിതമായി പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. എസ്ഡിപിഐക്കെതിരെ ശക്തമായ നടപടികളുമായി പോലിസ് സംവിധാനവും സര്‍ക്കാരും മുന്നോട്ടു പോകുമ്പോഴും കൊലയാളികള്‍ ഒളിവില്‍ തുടരുന്നത് പോലിസിന് തലവേദനയായിരിക്കുകയാണ്.
Discussion about this post