കൊച്ചി: അഭിമന്യു വധക്കേസില്‍ ഒളിവിലുള്ള പ്രധാനപ്രതികള്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് സൂചന. കൊലയാളിസംഘത്തില്‍ കേരളത്തിനു പുറത്തു പരിശീലനം ലഭിച്ച പ്രഫഷണല്‍ കൊലയാളിയുമുണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിനു കിട്ടിയ വിവരമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറിവോടെ കേരളത്തില്‍ത്തന്നെ ഒളിവില്‍ കഴിയുന്ന ഇവര്‍ക്കു വിവരങ്ങള്‍ എത്തിക്കുന്നതു സംഘടനയുമായി ബന്ധമുള്ള വനിതാ സുഹൃത്തുക്കളാണെന്നും സൂചനയുണ്ട്. നാല്‍വര്‍ സംഘം കേരളത്തില്ത്തന്നെയുണ്ടെന്നു കൊച്ചി ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും വിലയിരുത്തുന്നു.
പോലിസ് സംശയിക്കുന്ന ക്യാമ്പസ് ഫ്രണ്ട് ബന്ധമുള്ള യുവതികള്‍ ഇവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന. അത്യാവശ്യത്തിനു മാത്രമാണു വിളികള്‍. ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഈ സ്ത്രീകളുടെ പേരില്ത്തന്നെയാണെന്നാണ് പോലിസിന് ലഭിക്കുന്ന വിവരം. രഹസ്യാന്വേഷണവിഭാഗത്തിന്രെ നിരീക്ഷണത്തിലുള്ള ഈ വനിതാ പ്രവര്‍ത്തകര്‍ ഉടന്‍ പിടിയിലാകുമെന്നു സൂചനയുണ്ട്.
അതേസമയം, തീവ്രവാദബന്ധമുള്ള അഭിമന്യു വധക്കേസ് ഏറ്റെടുക്കുന്നതിനു മുന്നോടിയായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ ദൗത്യനിര്വഹണവിഭാഗം തലവന്‍ ഇന്നലെ കൊച്ചിയിലെത്തി. പോപ്പുലര്‍ ഫ്രണ്ടിനു കേരളത്തിനു പുറത്തും നിരവധി ഒളിസങ്കേതങ്ങളുള്ളതിനാല് ഹൈദരാബാദ്, ഭോപ്പാല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പോലീസിന്റെ പ്രത്യേകസംഘം തെരച്ചില്‍ തുടരുന്നു. രഹസ്യദൗത്യത്തിനു കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് പോലീസ് മേധാവികളുടെ സഹായവും തേടിയിട്ടുണ്ട്. ഇതിനു പുറമേയാണ് എന്‍.ഐ.എയുടെ സമാന്തര അന്വേഷണം പുരോഗമിക്കുന്നത്.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 12 ഒളിത്താവളങ്ങള്‍ പോലീസ് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ എല്ലാ രഹസ്യകേന്ദ്രങ്ങളിലും പരിശോധന നടത്താനാണ് പോലിസിന്റെ തീരുമാനം.
Discussion about this post