ലഖ്നൗ : പ്രതിപക്ഷ സഖ്യ നേതൃസ്ഥാനത്തേക്ക് മായാവതിയുടെ പേര് ഉയര്‍ത്തി കൊണ്ടു വരാന്‍ ബിഎസ്പി. മായാവതി പ്രധാനമന്ത്രിയാകുന്ന ദിനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ബിഎസ്പി ഉപാധ്യക്ഷന്‍ ജയ്പ്രകാശ് സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് വിദേശ രക്തമാണെന്ന പരാമര്‍ശവും അദ്ദേഹം നടത്തി. ലഖ്നൗവില്‍ നടന്ന പാര്‍ട്ടി യോഗത്തിനിടെ ആയിരുന്നു ജയ്പ്രകാശ് സിംഗിന്റെ പ്രസ്താവന.
രാഹുല്‍ ഗാന്ധി രാജീവ് ഗാന്ധിയുടെ വഴിയേ പോയിരുന്നെങ്കില്‍ എന്തെങ്കിലും സാദ്ധ്യതകളുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ പോയത് സോണിയയുടെ വഴിയേ ആണ്. അതുകൊണ്ട് തന്നെ രാഹുല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ല. അടുത്ത പ്രധാനമന്ത്രി ബാലറ്റ് പെട്ടിയില്‍ നിന്നാണുണ്ടാകേണ്ടത് . ആരുടെയെങ്കിലും വയറ്റില്‍ ജനിച്ചതു കൊണ്ട് മാത്രം പോരാ.ഇന്ത്യ മായാവതിയെ ഉറ്റു നോക്കുകയാണ് . മായാവതി പ്രധാനമന്ത്രിയാകുന്ന ദിനത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്ഗഡിലും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കോണ്‍ഗ്രസുമായി സഖ്യ നീക്കം നടത്തുന്നതിനിടെയാണ് ബിഎസ്പി ഉപാധ്യക്ഷന്റെ പരാമര്‍ശം. മായാവതിയുടെ അസാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് മായാവതിയുടെ പേര് പരസ്യമായി മുന്നോട്ടു വച്ചത് പുതിയ പോര്‍മുഖം തുറക്കും. പ്രധാനമന്ത്രി പദവിയിലേക്ക് കണ്ണും നട്ട് മമത ബാനര്‍ജി ചരടുവലി ശക്തമാക്കിയിരുന്നു. തെലുങ്കുദേശം പാര്‍ട്ടി, ജെഡിഎസ് തുടങ്ങിയ കക്ഷികളുടെയും സിപിഎമ്മിന്റെയും പിന്തുണ ഉറപ്പിക്കാനാണ് മമതയുടെ ശ്രമം. ആര്‍ജെഡി പോലുള്ള പാര്‍ട്ടികള്‍ രാഹുല്‍ഗാന്ധിയേ ആണ് പിന്തുണക്കുന്നത്.
Discussion about this post