സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണ ചടങ്ങിലേക്കുള്ള മുഖ്യാതിഥിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ചില കേന്ദ്രങ്ങള്‍ അനാവശ്യമായി ഉയര്‍ത്തുകയാണെന്ന ആരോപണം ശക്തമാകുന്നു. മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചുവെന്ന് ആരാണ് പറഞ്ഞതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. നടന് മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് വ്യക്തമാക്കി. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ ഇടത് സിനിമ സാഹിത്യ മാധ്യമപ്രവര്‍ത്തകര്‍ ഹര്‍ജി നല്‍കിയെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മറുപടി.
മോഹന്‍ലാലിനെ പരിപാടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമലും വ്യക്തമാക്കിയിരുന്നു. സര്‍ക്കാരാണ് ക്ഷണിച്ചത്, സാംസ്കാരിക വകുപ്പ് മന്ത്രിയാണ് ക്ഷണിച്ചത് എന്നായിരുന്നു കമല്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ഇതുവരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു എങ്ങിനെയാണു അഭിപ്രായം പറയുകയെന്നും മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.
‘എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുമ്പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണം പോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങിനെയാണു പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും’ . മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
https://braveindianews.com/24/07/171630.php
തിരുവനന്തപുരത്ത് ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ചുവെന്ന വിഷയം ഉയര്‍ത്തിയാണ് അദ്ദേഹത്തിന്റെ പേരു പറയാതെ എതിര്‍പ്പുമായി ഇടത് സംഘം രംഗത്തെത്തിയത്. എന്നാല്‍ ഈ ഹര്‍ജിയില്‍ പേരും ഒപ്പും താനറിയാതെയാണ് ചേര്‍ത്തതെന്ന് നടന് പ്രകാശ് രാജ് വ്യക്തമാക്കുകയും എതിര്‍പ്പുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇതോടെ നിവേദക സംഘം വെട്ടിലായി. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍ പേഴ്സണ്‍ ബീന പോളും നിവേദനത്തില്‍ ഒപ്പുവച്ചിരുന്നു. അനാവശ്യ വിവാദമുയര്‍ത്തി നടന് മോഹന്‍ലാലിനെ കരവാരിതേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ തെറ്റില്ലെന്നും, ഇത്തരത്തില്‍ അദ്ദേഹത്തെ അപമാനിക്കരുതായിരുന്നുവെന്നും സംവിധായകന് വി.സി അഭിലാഷ് പറഞ്ഞു. ഒപ്പിട്ട ഇടത് സാംസ്ക്കാരിക-മാധ്യമ സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ മോഹന്‍ലാല്‍ ഫാന്‍സും സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്.
എഴുത്തുകാരായ എന്‍.എസ്.മാധവന്, സച്ചിദാനന്ദന്, കെ.ജി.ശങ്കരപ്പിള്ള, സേതു, എം.എന്‍.കാരശേരി, സി.വി.ബാലകൃഷ്ണന്, വി.ആര്.സുധീഷ്, സുസ്മേഷ് ചന്ദ്രോത്ത്, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, സിനിമാ മേഖലയില്‍നിന്നു രാജീവ് രവി, എം.ജെ.രാധാകൃഷ്ണന്, പ്രിയനന്ദനന്, സിദ്ധാര്‍ഥ് ശിവ, ഡോ.ബിജു, സനല്‍കുമാര്‍ ശശിധരന്, പ്രകാശ് ബാരെ, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരാണു നിവേദനത്തില്‍ ഒപ്പിട്ടിട്ടുള്ളത്. വൈസ് ചെയര്പെഴ്സന് ബീന പോള്‍ ഉള്‍പ്പെടെ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ ചിലരും നിവേദനത്തില്‍ ഒപ്പുവച്ചതോടെ വിഷയത്തില്‍ അക്കാദമിയിലെ ഭിന്നത പുറത്തുവന്നിരുന്നു.
Discussion about this post