മലപ്പുറത്ത് മദ്രസ വിട്ടുവരുന്ന കുട്ടിയെ റോഡ് മുറിച്ചുകടക്കാന്‍ സഹായിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാര്‍ ആള്‍ക്കൂട്ടവിചാരണ നടത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ആരോപിച്ചാണയിരുന്നു ആള്‍ക്കൂട്ട വിചാരണയും അസഭ്യവര്‍ഷവും.
മംഗലം അങ്ങാടിയില്‍ സീതിസാഹിബ് ലൈബ്രറിക്ക് മുമ്പില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിക്കാണ് സംഭവം. തിരക്കേറിയ ഭാഗത്ത് കുട്ടിയുടെ കൈപിടിച്ച് റോഡ് മുറിച്ചുകടക്കാന്‍ തമിഴന് സഹായിക്കുകയായിരുന്നു. ഇതുകണ്ട് കൂടെയുണ്ടായിരുന്ന മറ്റു കുട്ടികള്‍ പേടിച്ച് ഓടുകയും കരയുകയുംചെയ്തു. സമീപത്തെ ആളുകളോട് വിവരമറിയിച്ചതോടെ ജനക്കൂട്ടമായി. തുടര്‍ന്ന് ദീര്‍ഘനേരം ഇയാളെ ചോദ്യംചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
കരഞ്ഞും കാലു പിടിച്ചും പറഞ്ഞിട്ടും ഇദ്ദേഹത്തെ നാട്ടുകാര്‍ വിട്ടില്ല. ചില ഫോണ്‍വിളികള്‍ സംഭവം നടക്കുമ്പോള്‍ ഇയാള്‍ നടത്തിയത് നാട്ടുകാരില്‍ സംശയം ബലപ്പെടുത്തി. ഒടുവില്‍ തിരൂരില്‍നിന്ന് പൊലീസെത്തിയാണ് തമിഴ്നാട് സ്വദേശിയെ കൊണ്ടുപോയത്. അപ്പോഴേക്കും സമൂഹമാധ്യമങ്ങളില്‍ ഇയാളുടെ ഫോട്ടോയും മുന്നറിയിപ്പ് സന്ദേശങ്ങളും പ്രചരിച്ചു.
തമിഴന് നിരപരാധിയാണെന്നറിഞ്ഞതോടെ വിവിധ ഗ്രൂപ്പുകളില്‍ ക്ഷമാപണവുമായി യുവാക്കള്‍ തന്നെ രംഗത്തെത്തി. മംഗലത്തും ചേന്നരയിലുമായി വര്‍ഷങ്ങളായി താമസിക്കുന്നയാളാണ് ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയമായത്.
Discussion about this post