നുഴഞ്ഞു കയറ്റക്കാരായ റോഹിങ്ക്യകളുടെ എണ്ണമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

Published by
Brave India Desk

രാജ്യത്ത് നുഴഞ്ഞു കയറിയ റോഹിങ്ക്യ മുസ്ലിങ്ങളുടെ എണ്ണമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. രാജ്യത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്കുള്ള പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

റഹിങ്ക്യകളെ അനധികൃത കുടിയേറ്റക്കാരായി മാത്രമേ കാണാന്‍ സാധിക്കുകയൊള്ളൂവെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോകസഭയില്‍ പറഞ്ഞു. ഇവരെ തിരിച്ചയക്കാന്‍ മ്യാന്‍മറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. റോഹിംഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ രാജ്യത്ത് നടക്കുന്ന നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും രംഗത്തെത്തിയിരുന്നു. കിഴക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ആവശ്യമായ രേഖകള്‍ പോലുമില്ലാതെ ജീവിക്കുന്ന റോഹിങ്ക്യന്‍ സാന്നിധ്യം തദ്ദേശീയരില്‍ വലിയ ആശങ്കയും ഉണ്ടാക്കുന്നുണ്ട്.

അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തി സംരക്ഷണ സേനയ്ക്ക് നിര്‍ദേശം നല്‍കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോകസഭയില്‍ വ്യക്തമാക്കി. എണ്ണമെടുപ്പ് നടന്നതിന് ശേഷം ഇവരെ തിരിച്ചയക്കാനുള്ള നടപടി സ്വീകരിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ഇവരുടെ എണ്ണമെടുത്ത് റിപ്പോര്‍ട്ട് തയാറാക്കി വിദേശ കാര്യമന്ത്രാലയത്തിന് സമര്‍പ്പിക്കും.

ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാല്‍പതിനായിരത്തിലധികം റോഹിംഗ്യകള്‍ എത്തിച്ചേര്‍ന്നിട്ടുള്ളതായാണ് സര്‍ക്കാര്‍ കണക്കുകള്‍. സുപ്രിം കോടതിയും സര്‍ക്കാര്‍ നിലപാടിനോട് ഏതാണ്ട് അനുഭാവപൂര്‍ണമായ സമീപനമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

Share
Leave a Comment