ജലനിരപ്പ് അതിവേഗം ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രാവിലെ അഞ്ചുമണിക്കാണ് ഷട്ടറുകള്‍ തുറന്നത്. ആദ്യം അറിയിച്ചിരുന്നത് രാവിലെ ആറിന് ഷട്ടറുകള്‍ തുറക്കുമെന്നായിരുന്നു. പിന്നീട് ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് നേരത്തെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 80 സെന്റി മീറ്റര്‍ വീതമാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നത്. അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്കി.
ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിലും കൈവഴികളിലും ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഇറങ്ങുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടുണ്ട്
അതേസമയം, 2398 അടിയില്‍ നിര്‍ണയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്.
മഴ ശക്തമായതോടെ ഇടുക്കിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം 2398.30 അടിയാണ് ഡാമിലെ ജലനിരപ്പ്. ബുധനാഴ്ച രാവിലെ 2396.58 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
അതേസമയം ചെറുതോണി തത്കാലം തുറക്കേണ്ടെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 2398അടിയില്‍ ട്രയല്‍ റണ്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇത് താത്കാലികമായി മാറ്റിവച്ചു. മൂലമറ്റം വൈദ്യുതി നിലയത്തിലും ഉത്പാദനം പൂര്‍ണതോതിലാണ് നടക്കുന്നത്.
Discussion about this post