തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങിനിടെ സദസ്സില്‍ എഴുന്നേറ്റ് നിന്ന് നടന് മോഹന്‍ലാലിനെതിരെ നടന് അലന്‍സിയറിന്റെ പ്രതിഷേധം. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു.
മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രവൃത്തി. തുടര്‍ന്നു സ്റ്റേജിലേക്കു കയറി മോഹന്‍ലാലിന് അടുത്ത് എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേര്‍ന്നു തടയുകയായരുന്നു.
അലന്‍സിയറെ ബലമായി പോലിസ് സ്റ്റേജിനു പുറകിലേക്കു കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയില്‍ മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.
വിരലുകള്‍ തോക്കുപോലെയാക്കി അലന്‍സിയര്‍ വെടിവയ്ക്കുന്നതു മന്ത്രി ബാലന് മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും മുഖ്യമന്ത്രി ചിരിച്ചു തള്ളുകയായിരുന്നു.
അതേസമയം ആ നിമിഷം എന്താണു ചെയ്തതെന്നു വ്യക്തമായ ഓര്‍മയില്ലെന്നാണ് അലന്‍സിയര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ പ്രവൃത്തിയില്‍ പ്രതിഷേധസൂചകമായി എന്തെങ്കിലും കാണേണ്ടതില്ലെന്ന് അലന്‍സിയര്‍ പറയുന്നു.
മികച്ച സ്വഭാവ നടനുള്ള പുരസ്കാരംഅലന്സിയര് ചടങ്ങില്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
Discussion about this post