ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് വ്യോമസേനയ്ക്കായി പൂര്‍ണ്ണമായും ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച തേജസ് യുദ്ധവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തി. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ചെയര്മാന് ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ടി സുവര്‍ണ്ണ രാജു പരീക്ഷണപ്പറക്കലില്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇരട്ട ജെറ്റ് എഞ്ചിനുകളുള്ള പ്രോട്ടോടൈപ്പ് വെഹിക്കിള്‍ 5 (PV5) എന്ന പുതിയ യുദ്ധവിമാനമാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്.
എച് എ എല്‍ പ്രധാന ടെസ്റ്റ് പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ കേ കേ വേണുഗോപാല്‍ ആയിരുന്നു വിമാനം പറത്തിയത്. ഗംഭീരമായ ഈ വിമാനം വ്യോമസേനയുടെ യുദ്ധതന്ത്രങ്ങളുടെ നട്ടെല്ലാകുമെന്ന് പറക്കലിനു ശേഷം സുവര്‍ണ രാജു പറഞ്ഞു.
പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള എയ്റോനോട്ടിക്കല്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാല് എയ്റോനോട്ടിക്സ് ലിമിറ്റഡും ചേര്‍ന്നാണ് തേജസ് രൂപകല്‍പ്പന നടത്തിയത്. ഒരു സീറ്റുള്ളതും രണ്ട് സീറ്റുള്ളതുമായ രണ്ട് വ്യത്യസ്ത രൂപകല്‍പ്പനകള്‍ ഉണ്ട്. അതില്‍ രണ്ട് സീറ്റുള്ള വിമാനത്തിലാണ് ഇപ്പോള്‍ പരീക്ഷണപ്പറക്കല്‍ നടത്തിയത്.
മുപ്പതിനായിരം അടി ഉയരത്തിലേക്ക് ഉയര്‍ന്ന വിമാനം ശബ്ദത്തേക്കാള്‍ കൂടിയ വേഗതയിലാണ് പറന്നത്. മിസൈലുകള്‍ കൃത്യമായി ലക്ഷ്യങ്ങളിലേക്ക് എയ്തുകൊള്ളിയ്ക്കാനുള്ള ശേഷിയും ലേസര്‍ ഗൈഡഡ് ബോംബ് വിക്ഷേപിയ്ക്കാനുള്ള ശേഷിയും പരിശോധിച്ചു. എല്ലാ പരിശോധനകളും പരിപൂര്‍ണ്ണമായി തൃപ്തികരമാണെന്ന് ടെസ്റ്റ് പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു.
Discussion about this post