മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ടായിരുന്നു അന്ത്യം. കുറെ നാളായി അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. തിങ്കളാഴ്ചയായിരുന്നു അദ്ദേത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂത്രാശയ സംബന്ധമായ അണുബാധയുള്ളതായി ബുധനാഴ്ച ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മോശമായിരുന്നു.
വാജ്പേയ് മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. ഭരണത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രി എന്ന പദവിയും വാജ്പേയ്ക്ക് സ്വന്തമാണ്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999-2004 കാലത്ത് പ്രധാനമന്ത്രിയായി അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ടുവര്‍ഷം വിദേശകാര്യ മന്ത്രിയുമായിരുന്നു. പൊഖ്റാനില്‍ രണ്ടാം തവണ ആണവ ബോംബ് പരീക്ഷണം നടത്തിയത് വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെയാണ്.
അധ്യാപകനായ കൃഷ്ണാബിഹാരി വാജ്പേയിയുടെയും കൃഷ്ണദേവിയുടെയും മകനായി 1924ല്‍ മധ്യപ്രദേശിലെ ഗ്വാളിയോറിലായിരുന്നു വാജ്പേയി ജനിച്ചത്. തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിലായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ജനസംഘത്തിന്റെ സ്ഥാനാര്‍ഥിയായി മധ്യപ്രദേശിലെ ബാല്‍റാംപുര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയ വാജ്പേയി 1962ല്‍ രാജ്യസഭാംഗമായി. 1967, 1971, 1977, 1980 എന്നീ വര്‍ഷങ്ങളില്‍ അദ്ദേഹം ലോക്സഭാ എംപിയായിരുന്നു. ഇത് കൂടാതെ ബി.ജെ.പിയുടെ ആദ്യ പ്രസിഡന്റും വാജ്പേയ് ആയിരുന്നു.
Discussion about this post