8.5 കിലോമീറ്റര്‍ ദൂരത്തെക്ക് വരെ തൊടുത്ത് വിടാന്‍ കെല്‍പ്പുള്ള റോക്കറ്റ് വൈകാതെ തന്നെ ഇന്ത്യന്‍ നേവിക്ക് ലഭിക്കും. ഡി.ആര്.ഡി.ഓയുടെ കീഴിലുള്ള എ.ആര്.ഡി.ഇയുടെ എച്ച്.ഇ.എം.ആര്.എലും ചേര്‍ന്നാണ് ഈ റോക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
തങ്ങള്‍ ഈ പുതിയ റോക്കറ്റ് നേവിക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചുവെന്ന് എ.ആര്.ഡി.ഇയുടെ മേധാവി കെ.എം.രാജന് വ്യക്തമാക്കി. നേവിക്ക് വേണ്ടി പ്രത്യേക ഗുണനിലവാരമുള്ള റോക്കറ്റാണിത്. നേവിയുടെ പക്കലിലേക്ക് റോക്കറ്റ് കൈമാറിക്കഴിഞ്ഞാല്‍ നേവിയുടെ വക ചില പരീക്ഷണങ്ങളും ഈ റോക്കറ്റ് ഉപയോഗിച്ച് നടത്തു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ മുങ്ങിക്കപ്പലുകളുടെ സാന്നിദ്ധ്യം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലും പാക്കിസ്ഥാന് തങ്ങളുടെ നേവിയെ ആധുനികവല്‍ക്കരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ തങ്ങളുടെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയാണ്.
നിലവില്‍ ഇന്ത്യയുടെ പക്കലുള്ളത് 110 കിലോഗ്രാം ഭാരമുള്ള ഒരു റഷ്യന്‍ റോക്കറ്റാണ്. ആര്.ജി.ബി-60 എന്ന് പേരുള്ള ഈ റോക്കറ്റ് ഉപയോഗിച്ച് 5.3 കിലോമീറ്റര്‍ ദൂരത്തിലുള്ള മുങ്ങിക്കപ്പലുകളെ മാത്രമെ നശിപ്പിക്കാനാവുകയുള്ളു. ഈ റോക്കറ്റ് ഇന്ത്യന്‍ നേവിയുടെ രാജ്പുത് ക്ലാസ്, ഡല്‍ഹി ക്ലാസ്, തല്‍വാര്‍ ക്ലാസ് എന്നീ ക്ലാസുകളുടെ യുദ്ധക്കപ്പലുകളിലാണുള്ളത്.
Discussion about this post