ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഡല്‍ഹി സര്‍ക്കാരും കൂടുതല്‍ പിന്തുണ നല്കിയിരുന്നെങ്കില് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം ലഭിക്കുമായിരുന്നുവെന്ന് ഗുസ്തിയില്‍ വെങ്കല നേട്ടം സ്വന്തമാക്കിയ ദിവ്യ കക്രാന്. ഡല്‍ഹി സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ അരവിന്ദ് കെജ്രിവാള് വേദിയില്‍ ഇരിക്കവെയായിരുന്നു ദിവ്യ പരാമര്‍ശം നടത്തിയത്.
സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ തനിക്ക് സ്വര്‍ണം നേടാന്‍ സാധിക്കുമായിരുന്നുവെന്നാണ് ദിവ്യ പറഞ്ഞത്. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദിവ്യ മെഡല്‍ നേടിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തന്റെ ഫോണ്‍ കോളുകള്‍ പോലും കെജ്രിവാള് എടുത്തില്ലെന്ന് ദിവ്യ പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ ആദരിക്കുന്നുണ്ടെങ്കിലും കായിക താരങ്ങളാകാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും അവര്‍ക്ക് പിന്തുണ നല്‍കാനാണ് ആളില്ലാത്തതെന്നും ദിവ്യ ചൂണ്ടിക്കാട്ടി.
അതേസമയം പിന്തുണയ്ക്കാതിരുന്ന പ്രശ്നത്തെ മറ്റൊരു തരത്തില്‍ വഴിതിരിച്ച് വിടാനായിരുന്നു കെജ്രിവാള് ശ്രമിച്ചത്. ഉയര്‍ന്ന തലത്തിലുള്ള മറ്റ് രാഷ്ട്രീയ ഇടപെടലുകള്‍ കാരണമാണ് തന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ സാധിക്കാതെ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങ് പോലും സുപ്രീം കോടതി അടുത്ത കാലത്ത് ഇറക്കിയ വിധി മൂലമാണ് നടക്കുന്നതെന്നും കെജ്രിവാള് പറഞ്ഞു.
Discussion about this post