ഭീകരരെ സഹായിയ്ക്കുകയും അവര്‍ക്ക് ഇന്ത്യയില്‍ താമസസൗകര്യമൊരുക്കുകയും ചെയ്ത കേസില്‍ അഞ്ച് ബംഗ്ളാദേശി പൗരന്മാര്ക്ക് എതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈയിലെ സ്പെഷ്യല്‍ എന്‍ ഐ എ കോടതിയില്‍ ആണ് കേസ് നടക്കുന്നത്. പൂനെയില്‍ നിന്നാണ് ഈ ബംഗ്ളാദേശി പൗരന്മാരെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്.
അല്ഖൈ്വയ്ദയുടെ ബംഗ്ളാദേശ് ഘടകമായ അന്‍സറുള്ള ബംഗ്ളാ ടീം എന്ന സംഘടനയിലെ ഭീകരവാദികളെയാണ് ഇവര്‍ ഇന്ത്യയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിയ്ക്കുകയും താമസസൗകര്യമൊരുക്കുകയും ചെയ്തത്. മതിയായ രേഖകളില്ലാതെ നിര്‍മ്മാണമേഖലയില്‍ ജോലിചെയ്യുന്നവരെന്ന നാട്യത്തില്‍ പൂനെയില്‍ കഴിഞ്ഞ ഇവരെ പൂനെ പോലീസാണ് കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തത്. ഭീകരവാദബന്ധമുണ്ടെന്ന് മനസ്സിലായപ്പോള്‍ കേസന്വേഷണം എന്‍ ഐ എയെ ഏല്‍പ്പിയ്ക്കുകയായിരുന്നു.
ബംഗാളില്‍ നിന്നുള്ള നിര്‍മ്മാണത്തൊഴിലാളികള്‍ എന്ന മറവിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇവര്‍ വ്യാജരേഖകള്‍ ചമച്ച് പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, റേഷന്‍ കാര്‍ഡ് എന്നിവ കൈക്കലാക്കിയിരുന്നു. കള്ളപ്പേരിലായിരുന്നു ഈ രേഖകള്‍ ഇവര്‍ കൈക്കലാക്കിയത്. ഈ വ്യാജരേഖകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ എടുക്കുകയും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും ചെയ്തു. ഭീകരവാദികളെ സഹായിയ്ക്കാന്‍ ഇവ ഉപയോഗപ്പെടൂത്തിയെന്നാണ് റിപ്പോര്‍ട്ട്. ഭീകരവാദികള്‍ക്ക് താമസസൗകര്യങ്ങള്‍ ഒരുക്കുകയും പണം നല്‍കുകയും ചെയ്തു.
കേരളത്തില്‍ മലപ്പുറത്തു നിന്നും ബംഗ്ളാദേശില്‍ നിന്നുള്ള ഭീകരവാദബന്ധമുള്ളവരെ കഴിഞ്ഞ മാസം പിടികൂടിയിരുന്നു. ബീഹാറിലെ ബോധ്ഗയയില്‍ ബോംബാക്രമണം നടത്തിയവരില്പ്പെടുന്ന ഭീകരവാദികളെയാണ് എന്‍ ഐ എ പിടികൂടിയത്. ബംഗ്ളാദേശില്‍ നിന്ന് അനധികൃതമായി കുടിയേറി ഇന്ത്യയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്താനെത്തുന്നവര്‍ക്ക് വ്യാജരേഖകള്‍ ഉണ്ടാക്കാനും ഭീകരവാദപ്രവര്ത്തനത്തിനും സഹായിയ്ക്കുന്ന വന്‍ മാഫിയ ഇന്ത്യയ്ക്കുള്ളില്‍ തന്നെയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post