ജലന്ധര്‍ ബിഷപ്പില്‍ നിന്ന് പീഡനത്തിനിരയായി എന്ന് പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എയെ നിര്‍ത്തി പൊരിച്ച് റിപ്പബ്ലിക് ചാനല്‍ ന്യൂസ് അവതാരക. ബലാത്സംഗത്തിനിരയായ സ്ത്രീയെ മോശമായി ചിത്രീകരിച്ച സംഭവത്തിലായിരുന്നു ചാനല്‍ പി.സി ജോര്‍ജ്ജിന്റെ പ്രതികരണം തേടിയത്.
പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു പി.സി ജോര്‍ജ്ജിന്റെ പ്രതികരണം. പലവട്ടം പീഡിപ്പിക്കപ്പെട്ടതെല്ലാം ആസ്വദിച്ച് പിന്നീട് പരാതി നല്കിയ കന്യാസ്ത്രി മോശം സ്ത്രീയാണെന്ന് പലതവണ പി.സി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. നിരവധി തവണ പീഡിപ്പിക്കപ്പെട്ടിട്ടും പരാതി നല്‍കാതിരുന്നത് എന്തു കൊണ്ടാണെന്ന് എംഎല്‍എ ചോദിച്ചു.
നിയമപരമായി പോവുകയാണ് അല്ലാതെ ധര്‍ണ നടത്തുകയല്ല കന്യാസ്ത്രി ചെയ്യേണ്ടതെന്നും പി.സി പറഞ്ഞു.
നേരത്തെ സമരം ചെയ്യുന്ന കന്യാസ്ത്രീകളൊക്കെ പരിശുദ്ധകളാണോ എന്ന് പരിശോധിക്കേണ്ടി വരുമെന്ന ആക്ഷേപ പ്രസ്താവനയും പി.സി ജോര്‍ജ്ജ് നടത്തിയിരുന്നു.പി.സി ജോര്‍ജ്ജിന് രൂക്ഷമായ ഭാഷയില്‍ ന്യൂസ് അവതാരക വിമര്‍ശിക്കുകയും ചെയ്തു. ഒടുവില്‍ വെറുതെ വഴക്കുണ്ടാക്കണ്ടല്ലോ എന്ന് മലയാളത്തില്‍ പറഞ്ഞാണ് പി.സി ജോര്‍ജ്ജ് തത്സമയ പ്രതികരണം അവസാനിപ്പിച്ചത്.
Discussion about this post