ചൈനയില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ കരസേനാ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്ത്. ബി.ഐ.എം.എസ്.ടി.ഇ.സിയുടെ സമാപന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാമ്പത്തികമായി മുന്നോട്ട് നീങ്ങാനാഗ്രഹിക്കുന്ന ഏതൊരു രാജ്യവും മറ്റ് രാജ്യങ്ങളുമായി ബന്ധങ്ങള്‍ സ്ഥാപിക്കും. ചൈനയുടെ കൈയ്യില്‍ ധനമുണ്ട്. അതവര് മറ്റുള്ളവര്‍ക്ക് നല്‍കുന്നുമുണ്ട്. എന്നാല്‍ ചൈനയുടെ പക്കല്‍ നിന്നും ധനസഹായം സ്വീകരിക്കുന്ന രാജ്യങ്ങള്‍ ഓര്‍ക്കേണ്ടത് ആഗോള സാമ്പത്തിക-സാമൂഹിക മാറ്റങ്ങളനുസരിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും മാറുമെന്നതാണ്,’ അദ്ദേഹം പറഞ്ഞു.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മാറുന്നതിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് യു.എസും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധമാണ്. 70 വര്‍ഷം മുമ്പുണ്ടായിരുന്ന ബന്ധമല്ല ഇരു രാജ്യങ്ങളും ഇപ്പോള്‍ കാത്തുസൂക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയെ സാമ്പത്തികമായി മെച്ചപ്പെടുത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഭൂഖടനാ പ്രകാരം നേപ്പാളും ഭൂട്ടാനും ഇന്ത്യയുമായി സഹകരിക്കുന്നതായിരിക്കും അവര്‍ക്ക് എളുപ്പമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്രപരമായ ബന്ധങ്ങള്‍ ഈ രാജ്യങ്ങളുമായി സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ഐ.എം.എസ്.ടി.ഇ.സിയുടെ ഭാഗമായി ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മര്, ഭൂട്ടാന്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഇന്ത്യയില്‍ പല തരത്തിലുള്ള കരസേനാ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. അതേസമയം നേപ്പാളിലെ കരസേനയില്‍ പ്രധാനമായ മാറ്റങ്ങള്‍ സംഭവിച്ചത് മൂലം നേപ്പാള്‍ ഇതില്‍ നിന്നും മാറി നിന്നു.
Discussion about this post