ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ 500 കോടിയിലധികം വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി തന്റെ മണ്ഡലമായ വാരണാസിയില്‍ എത്തിയത്. മോദിയെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു സ്വാഗതം ചെയ്തത്.
ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്പ്മെന്റ് സ്കീമും (ഐ.പി.ഡി.എസ്), ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ അടല്‍ ഇന്‍ക്യുബേഷന്‍ സെന്ററും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇത് കൂടാതെ ഒരു പ്രാദേശിക നേത്രശാസ്ത്ര കേന്ദ്രവും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ നാല് കൊല്ലത്തിനിടയില്‍ വാരണാസി നഗരം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തെ ആധുനികവല്‍ക്കരിക്കുന്നതിനൊപ്പം തന്നെ പൗരാണികത കാത്ത് സൂക്ഷിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം മുമ്പുണ്ടായിരുന്ന സര്‍ക്കാരിന്റെ കാലത്ത് വാരണാസി അവഗണന നേരിട്ടെന്നും ആ സമയത്ത് വാരണാസിയിലുള്ളവര് ഭഗവാന് ശിവന്റെ കരുണയിലാണ് ജീവിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു.
മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് മോദി വാരണാസിയില്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുമായിട്ടായിരുന്നു ജന്മദിനം ആഘോഷിച്ചത്.
Discussion about this post