പത്തനംതിട്ട: ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജിന്റെ പേഴ്സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച് ആളുകളില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ യുവാവ് മുങ്ങി. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് ആറന്മുള എം എല്‍ എയുടെപേഴ്സണല് സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച് ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയത്.
വീണ ജോര്‍ജ്ജിന്റെ പരിപാടികളിലും മറ്റും മുഖം കാണിച്ച് പിഎയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വീണ ജോര്‍ജ്ജിനൊപ്പം പരിപാടികളില്‍ ഇയാള്‍ എത്തിയിരുന്നു.
എന്നാല്‍ ബിജോ മാത്യു ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെങ്കിലും പേഴ്സണല്‍ സ്റ്റാഫ് അല്ലായിരുന്നുവെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും ഇയാള്‍ക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും വീണ പറഞ്ഞു.
തിരുവല്ല സ്വദേശികളായ മൂന്നുപേരില്‍നിന്നു ജോലി വാഗ്ദാനം ചെയ്ത് 1.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഡി വൈ എസ് പിക്ക് പരാതി ലഭിച്ചിട്ടുള്ളത്.
അടൂര്‍ സ്വദേശികളില്‍നിന്ന് 3,45,000 രൂപയും ഇയാള്‍ തട്ടിയെടുത്തു. ഇവര്‍ അടൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വീടിനടുത്തുള്ള ഒരാളില്‍നിന്നും ഒന്നരലക്ഷം രൂപ ബിജോ ജോലി വാഗ്ദാനം നടത്തി തട്ടിയെടുത്തതായും പരാതിയുണ്ട്.
മുമ്പ് ആന്റോ ആന്റണി എം പിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു ബിജോ.
Discussion about this post