22-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ ഉദ്ഘാടനത്തിന് മുന്‍ രാഷ്ട്രപതി ഡോ.പ്രണബ് കുമാര്‍ മുഖര്‍ജി എത്തും. പരിപാടിയില്‍ പങ്കെടുക്കാമെന്ന് മുന്‍ രാഷ്ട്രപതി ഉറപ്പു നല്‍കിയതായി നാഷണല്‍ ബുക് ട്രസ്റ്റ് നിര്‍വ്വാഹക സമിതിയംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡണ്ടുമായ ഇ.എന്‍ നന്ദകുമാര്‍ പറഞ്ഞു. കെ.വി തോമസ് എംപിക്കൊപ്പമെത്തിയാണ് പ്രണബ് മുഖര്‍ജിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചത്. നവംബര്‍ 2 മുതല്‍ 11 വരെ എറണാകുളത്തപ്പന് ഗ്രൗണ്ടിലാണ് അന്താരാഷ്ട്ര പുസ്തകോത്സവം.
മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കല്യാണം കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മഹാത്മജിയുടെ 150ാം ജന്മദിനാഘോഷത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയാകും. നവംബര്‍ 5ന് പരിപാടി. നാഷണല്‍ ഗാന്ധി മ്യൂസിയം ഡയറക്ടര്‍ ഡോ. അണ്ണാമലൈ. പബ്ലിക്കേഷന്‍ ഡിവിഷന് ഡയറക്ടര്‍ ജനറല്‍ ഡോ.സാധനാ റാവത്ത് എന്നിവരും പ്രഭാഷണം നടത്തും.
മൂന്നൂറോളം പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തില്‍ അണിനിരക്കുക. സെമിനാര്‍, എഴുത്തുകാരുടെ സംഗമം, പുസ്തകപ്രകാശനങ്ങള്‍, സാംസ്ക്കാരിക പരിപാടികള്‍, വിവിധ പുരസ്ക്കാര ദാന ചടങ്ങുകള്‍, കുട്ടികള്‍ക്കായുള്ള സാഹിത്യ-കലാ മത്സരങ്ങള്‍ തുടങ്ങിയ പരിപാടിയുടെ ഭാഗമായി നടക്കും.
പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള ലിറ്ററേച്ച്വര്‍ ഫെസ്റ്റിന് നവംബര്‍ ആറിന് തുടക്കമാകും, 10വരെ നീളും. രാജ്യത്തെ പ്രമുഖ എഴുത്തുകാര്‍ ഫെസ്റ്റിന്റെ ഭാഗമാകും.
Discussion about this post