അരുവിക്കര: അരുവിക്കര മണ്ഡലത്തില്‍ പോസ്റ്റര്‍ യുദ്ധവും, പ്രചരണവും തകര്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വിവാദവും, സംവാദങ്ങളും തകര്‍ക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഓരോ കക്ഷികളും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പണ്ട് നോട്ടിസ് അച്ചടിക്കണമായിരുന്നെങ്കില് ഇന്ന് അതിന്റെ കാര്യമില്ല. ചോദ്യം ചോദിക്കുന്നതും മറുപടി പറയുന്നതും സോഷ്യല്‍ മീഡിയ വഴിയാണ്.
സ്ഥാനാര്‍ത്ഥികളോട് നിങ്ങള്‍ക്ക് എന്ത് ചോദിക്കാനുണ്ട്..നേരെ അവരുടെ ഫേസ്ബുക്കില്‍ കയറി ചോദ്യം പോസ്റ്റ് ചെയ്യുക. നിലവാരമുള്ള ചോദ്യങ്ങളാണെങ്കില്‍ മറുപടി ലഭിക്കും.
ഫേസ് ബുക്ക് തെരഞ്ഞെടുപ്പ് ചോദ്യോത്തര പരിപാടിയില്‍ അവസാനം പുറത്തിറങ്ങിയത് കടകംപിള്ളി സുരേന്ദ്രന്റെ ശബരിനാഥനോടുള്ള ചോദ്യവും, അതിന് ശബരിനാഥന് നല്കിയ മറുപടിയുമാണ്.
ശബരിനാഥ് ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ചതിനെ പറ്റിയാണ് ഇടത് നേതാവിന്റെ ആദ്യ ചോദ്യം. മുണ്ടിലൊക്കെ എന്തിരിക്കുന്നു എന്ന ചോദ്യം ചോദിച്ച് ഉത്തരം പറയാതെ ഒഴിവാക്കിയില്ല ശബരിനാഥന്. സാക്ഷാല്‍ കെ.ആര് നാരായണന് അത്തരമൊരു ചോദ്യത്തിന് പറഞ്ഞ മറുപടി ഉദ്ധരിച്ച് ഉടുക്കുന്ന മുണ്ടല്ലല്ലോ നേതാവെ, ശരീരത്തിനകത്തുള്ള ഹൃദയമല്ലേ പ്രധാനം എന്ന മറുചോദ്യം ഉന്നയിക്കുന്നു ശബരിനാഥന്.
മുണ്ടുടുക്കലും മുണ്ടഴിക്കലുമൊക്കെ വലിയ കാര്യമാക്കുന്ന ചെറിയ ഹൃദയമാണോ കടകംപള്ളിയുടേത് തുടങ്ങിയ പരിഹാസങ്ങളും വിമര്‍ശനങ്ങളും ഫേസ്ബുക്കില്‍ സജീവമാണ്. മക്കള്‍ രാഷ്ട്രീയം, വികസനം, അഴിമതി എന്നിങ്ങനെ കടകംപള്ളി നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി തേടുന്നുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ അരുവിക്കര സംവാദരൂപത്തില്‍ സജീവമാകുന്നത് ജനാധിപത്യത്തിന് നല്ലത് തന്നെയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ശബരിനാഥന്റെ ഫേസ്ബുക്ക് പേജില്‍ വന്ന കടകംപള്ളി സുരേന്ദ്രന്റെ ചോദ്യവും അവയ്ക്കുള്ള മറുപടിയും വായിക്കുക-
ശ്രീ കടകംപള്ളി സുരേന്ദ്രന്റെ ചോദ്യങ്ങള്‍ക്ക് ഒരു മറുപടി:
അരുവിക്കര സ്ഥാനാര്‍ത്ഥി ശബരീനാഥിനോട് അഞ്ചു ചോദ്യങ്ങള്‍:
1. താങ്കള്‍ ഇന്നു മുതല്‍ ധരിക്കാന്‍ തുടങ്ങിയ വെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടുമായിരുന്നോ ഇന്നലെ വരെ താങ്കളുടെ സ്ഥിരം വേഷം? അതോ പുതിയ തൊഴിലിനുള്ള യൂണിഫോം എന്ന നിലയിലാണോ ഈ വേഷപ്പകര്‍ച്ച. മത്സരത്തില്‍ തോറ്റാല്‍ ഖദര്‍ യൂണിഫോം ഉപേക്ഷിച്ച് പഴയ ജീവിതരീതിയിലേക്ക് മടങ്ങുമോ?
ഉത്തരം: പണ്ട് യശഃശരീരനായ കെ.ആര്.നാരായണന് സാര്‍ ലോക്സഭയിലേക്കു മത്സരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ യോഗ്യതകളെയും ഉദ്യോഗത്തെയും പരിഹസിച്ചു സഖാക്കന്മാര് ഇതേ ചോദ്യം ചോദിച്ചു. ‘മുണ്ടുടുക്കാന്‍ മാത്രമല്ല, നനഞ്ഞ മുണ്ട് മുറുക്കിയുടുക്കാനും നന്നായി അറിയാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ വലിപ്പം എനിക്കില്ല. മുണ്ട് മുറുക്കിയുടുത്തു ജനങ്ങള്‍ക്ക് ഇടയില്‍ അവരില്‍ ഒരാളായി 67 വര്‍ഷം ജീവിച്ച ഒരാളുടെ മകന് ആണ് ഞാന്‍.
ഞങ്ങള്‍ പുതിയ തലമുറ പൈങ്കിളി നായകന്റെ വെട്ടിയൊതിക്കി കറുപ്പിച്ച താടിയിലും, പൂപ്പുഞ്ഞിരിയിലും, വാന്‍ ഹുസ്സന്‍ ശര്ട്ടിലും റോജര്‍ ഫെഡറര്‍ തോപ്പിയിലും, സ്ഥിരം ഉണിഫോമിലും വിശ്വസിക്കുന്നവരല്ല.
ഞാന്‍ മുണ്ടും പാന്റും പൈജാമയും സന്ദര്‍ഭവും സൗകര്യവും അനുസരിച്ച് ധരിക്കാറുണ്ട്. വേഷം പലതായാലും ജീവിത രീതി ഒന്ന് തന്നെയാണ്. ഉടുക്കുന്ന മുണ്ടാല്ലെലോ നേതാവേ, ശരീരത്തിന് അകത്തുള്ള ഹൃദയം അല്ലെ പ്രധാനം.
2. അരുവിക്കരയില്‍ തോറ്റാല്‍ താങ്കള്‍ അവിടുത്തെ ജനകീയ പ്രശ്നങ്ങളില്‍ പ്രവര്‍ത്തിക്കുമോ, അതോ ടാറ്റ ട്രസ്റ്റിലെ ജോലിയിലേക്കു തിരിച്ചു പോകുമോ?
ഉത്തരം: അങ്ങനെ ഒരു സംശയമേ ഉദിക്കുന്നില്ലെല്ലോ. അരുവിക്കരിയിലെ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് ജീവിത വ്രതം ആക്കിയ ഒരാളുടെ മകന് ആണ് ഞാന്‍. അച്ഛന് പോയ വഴി എന്ന നിലയിലും, സ്വന്തം വഴി എന്ന നിലയിലും ഒരു തിരിച്ചു പോക്കിന്റെ ആവശ്യം ഇനി എനിക്കു ഉണ്ടാകുന്നില്ല.
3. ജയിച്ച് എം.എല്‍.എ ആയാല്‍, അതല്ല പ്രചാരണ വേളയില്‍ തന്നെ സ്വന്തം മുന്നണിയിലെ മന്ത്രിയും അഴിമതിക്കാരുമായ കെ.എം.മാണിയേയും, കെ.ബാബുവിനേയും തള്ളിപ്പറയാന്‍ തയ്യാറാണോ? അവരുടെ രാജിക്കും അറസ്റ്റിനുമായി പാര്‍ട്ടിയില്‍ വാദിക്കുമോ?
ഉത്തരം: അതിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെല്ലോ! ആരോപണങ്ങള്‍ വസ്തുതകള്‍ ആണെന്ന് തെളിഞ്ഞാല്‍ അല്ലേ ഈ ചോദ്യങ്ങള്‍ പ്രസക്തം ആകുക ഒള്ളു?, ഈ മാനദണ്ഡം വച്ച് അന്‍പത്തൊന്നു വെട്ടിനു ഒരു മനുഷ്യ ജീവന് അപഹരിച്ചതിനു എത്ര നേതാക്കള്‍ അങ്ങയുടെ പാര്‍ട്ടിയിലെ യുവ നേതാവിന്റെ ഭാഷയില്‍ ‘Capital Punishment’ അനുഭവിക്കേണ്ടി വന്നേനെ?
ലോക നിലവാരത്തില്‍ എത്തി കഴിഞ്ഞ റോഡുകളും, വിഴിഞ്ഞം പദ്ധതിയും ദേശീയ ഗെയ്മും തകരപ്പറമ്പ് മേല്‍പ്പാലവും അതുപോലെ ഉള്ള നൂറുകണക്കിന് യാഥാര്‍ഥ്യങ്ങളും നിറഞ്ഞു ഇരിക്കുന്നു. യാഥാര്‍ഥ്യത്തിന്റെ തട്ട് ആണെല്ലോ വികസനത്തിന്റെ തട്ടിനേക്കാള്‍ കൂടുതല്‍ തൂങ്ങുന്നത്.
4. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കഴിവും അര്‍പ്പണ ബോധവും ഉള്ള ഒരു സാധാരണ പ്രവര്ത്തകന് സീറ്റ് കിട്ടാന്‍ എന്താണ് ഒരു വഴി, അയാളുടെ പിതാവ് കോണ്‍ഗ്രസിലെ നേതാവല്ലെങ്കില്‍.?
ഉത്തരം: ഒരു പൊതുമേഖല ബാങ്കിന്റെ DGM പദവി തലേദിവസം രാവിലെ രാജി വച്ച് ഉച്ചയ്ക്ക് സ്ഥാനര്തിയായ ശ്രീമതി ജമീല പ്രകാശം, മുഖത്ത് തേച്ച ചായം തിടുക്കത്തില്‍ കഴുകി കളഞ്ഞ് ഓടി വന്നു നോമിനേഷന് കൊടുത്ത ശ്രീ ഇന്നസെന്റ് , കോണ്‍ഗ്രസ്സിന്റെ പായില്‍ നിന്നു വെളുപ്പിന് ഞെട്ടി ഉണര്‍ന്നു എഴുനേറ്റു ഓടി പോയി ചെങ്കൊടി പുതച്ച ഫിലിപ്പോസ് തോമസ് , പെയ്ഡ് സീറ്റ് വിവാദ നായകന് ബെന്നെറ്റ് എബ്രഹാം, ശ്രീ അല്‍ഫോന്‍സ് കണ്ണന്താനം, തുടങ്ങിയവരോട് ഈ ചോദ്യത്തിന്റെ ഉത്തരം തേടാവുന്നതാണ്.
5. കാര്‍ത്തികേയന്റെ മകനാണു താങ്കള്‍ എന്നതല്ലാതെ, എം.എല്‍.എ ആയിരിക്കേ അദ്ദേഹം മരിക്കാനിടയായി എന്നതല്ലാതെ, സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ താങ്കള്‍ക്ക് എന്താണു യോഗ്യത? പണ്ടു കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചു എന്ന സ്ഥിരം കെട്ടുകഥയോ? അതോ ടാറ്റ ട്രസ്റ്റില്‍ വന്‍ ശമ്പളത്തോടെ നടത്തിയ കോര്‍പ്പറേറ്റ് ‘സാമൂഹിക പ്രവര്‍ത്തനമോ’?
ഉത്തരം: ഓര്‍മ്മ നശിക്കാന്‍ പ്രായമായിട്ടില്ലാത്ത തിരുവനന്തപുരത്തെ എസ് എഫ്.ഐ നേതാക്കന്മാരോടും കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ വിദ്യാര്‍ഥികളോടു കഥയുടെ വാസ്തവം അന്വേഷികുക. ‘മന്ത്രി പുത്രനായ KSU ഗുണ്ട’ എന്ന് എന്നെ വിശേഷിപ്പിച്ചു കൊണ്ട് നാലു കോളം അച്ചു നിരത്തിയ പഴയ ദേശാഭിമാനിയുടെ ഏടുകളും ഇതിനു ഉത്തരം നല്‍കും.
ബഹു: മാന്യനായ, അന്തരിച്ചു പോയ ശ്രീ ശ്രീധരന് EMS നമ്പൂതിരി പ്പാടിന്റെ മകന് ആയതു പോലെ, ഞാന്‍ ജി കാര്‍ത്തികേയന്റെ മകന് തന്നെയാണ്. എന്റെ പിതൃത്വം, ഏതൊരു മകനേയും പോലെ എന്റെ അഭിമാനമാണ്.
Discussion about this post