ഇന്ത്യയുടെ ആധാര്‍ കാര്‍ഡില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് മലേഷ്യന്‍ സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ്. ആധാര്‍ കാര്‍ഡിന്റെ സംവിധാനങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ വേണ്ടി മലേഷ്യയില്‍ നിന്നും ഒരു സംഘം ഇന്ത്യയിലേക്കെത്തിയിട്ടുണ്ട്.
കഴിഞ്ഞ മേയ് മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയില്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ ഇന്ത്യയ്ക്ക് പ്രാവീണ്യമുള്ള മേഖലകളില്‍ നിന്നും സഹായം നല്കാന് ഇന്ത്യ തയ്യാറാണെന്ന് മലേഷ്യന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. നിലവില്‍ മലേഷ്യയിലുള്ള ‘മൈകാഡ്’ സംവിധാനത്തിന് ചില മാറ്റങ്ങള്‍ വരുത്താനാണ് മലേഷ്യ പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തെ ക്ഷേമ പദ്ധതികളും സബ്സിഡികളും മെച്ചപ്പെട്ട രീതിയില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടിയാണ് മാറ്റം കൊണ്ടുവരുന്നത്.
മലേഷ്യന്‍ മനുഷ്യവിഭവ വകുപ്പിന്റെ മന്ത്രി എം.കുലശേഖരനും സംഘവും കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയിരുന്നു. ഈ കൂട്ടത്തില്‍ മലേഷ്യയിലെ സെന്‍ട്രല്‍ ബാങ്കിലെയും, ധനമന്ത്രാലയത്തിലെയും മറ്റും ഉദ്യോഗസ്ഥരുണ്ട്.
പെയ്മെന്റുകളും മറ്റും സുതാര്യമാക്കാന്‍ വേണ്ടിയാണ് ‘മൈകാഡ്’ സംവിധാനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സബ്സിഡികള്‍ നല്‍കുന്നത് ഡിജിറ്റല്‍ ആക്കാനും മലേഷ്യന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.
Discussion about this post