ഉത്തര്‍ പ്രദേശിലെ അലാഹാബാദിന്റെ പേര് മാറ്റി ‘പ്രയാഗ്രാജ്’ എന്നാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ രാം നായിക് പേരു മാറ്റത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും യോഗി അറിയിച്ചു.
2019ല്‍ കുംഭമേള നടക്കാനിരിക്കെയാണ് അലാഹാബാദിന്റെ പേരുമാറ്റം. കുംഭമേള നടക്കുക ജനുവരി മുതല്‍ മാര്‍ച്ച് വരെയായിരിക്കും. കുംഭമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും യോഗി അറിയിച്ചു. പേരുമാറ്റാനുള്ള പ്രമേയം അടുത്ത മന്ത്രിസഭായോഗത്തില്‍ പാസാക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
മുമ്പ് അലാഹാബാദിന്റെ പേര് പ്രയാഗ് എന്നായിരുന്നു. പിന്നീട് മുഗള്‍ രാജാവായിരുന്ന അക്ബര്‍ ഈ സ്ഥലത്തെ ലഹബാദ് എന്ന് വിളിച്ചിരുന്നു. തുടര്‍ന്ന് ഷാജഹാന് ചക്രവര്‍ത്തി ഈ പേര് വീണ്ടും മാറ്റി അലഹബാദ് എന്നാക്കുകയായിരുന്നു. കുംഭമേള നടക്കുന്ന സ്ഥലം ഇപ്പോഴും അറിയപ്പെടുന്നത് പ്രയാഗ് എന്നുതന്നെയാണ്.
Discussion about this post