കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് ഒരു കുടുംബ സംരംഭമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് എന്നത് ജനങ്ങളെ സേവിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും മറിച്ച് സ്വന്തം വംശത്തെ മാത്രം സേവിക്കുന്ന ഒരു സംരംഭമാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയൊരാളെ പാര്‍ട്ടിയുടെ അധ്യക്ഷനായി നിയമിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് പാര്‍ട്ടിയെ വെല്ലുവിളിച്ചതിന് തൊട്ട് പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന.
മോദിയുടെ പ്രതികരണം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ഒരു കുടുംബത്തിലെ നാല് പ്രമുഖരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ മിക്കവാറും നയിച്ചിട്ടുള്ളതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുമുള്ള രണ്ട് പാര്‍ട്ടി അധ്യക്ഷന്മാരെ വളരെ മോശമായ രീതിയിലാണ് കോണ്‍ഗ്രസ് പെരുമാറിയതെന്ന് അമിത് ഷാ പറഞ്ഞു. മരണത്തിന് ശേഷം പി.വി.നരസിംഗ റാവുവിന്റെ ഭൗതിക ശരീരത്തെ കോണ്‍ഗ്രസിന്റെ ഓഫീസിനകത്ത് കയറ്റിയില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ സീതാറാം കേസരിയെ കോണ്‍ഗ്രസിന്റെ തന്നെ ചില ഗുണ്ടകള്‍ അടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സീതാറാം കേസരിയെ അദ്ദേഹത്തിന്റെ കാലാവധിയ്ക്ക് മുമ്പ് അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയത് സോണിയാ ഗാന്ധിയ്ക്ക് വഴിയൊരുക്കാനായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.എന്‍.ധേബറെയും അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി ഇന്ദിരാ ഗാന്ധിക്ക് വഴിയൊരുക്കിയിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ ബാബു ജഗ്ജീവന് റാം, എസ്.നിജലിംഗപ്പ, കെ.കാമരാജ് തുടങ്ങിയവരെ ഒരു കുടുംബത്തിലെ അംഗങ്ങള്‍ അധിക്ഷേപിച്ചുവെന്നും ഷാ കുറ്റപ്പെടുത്തി.
1950 മുതല്‍ 1960 വരെയുള്ള കാലയളവില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കൂടെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവായ അചാര്യ കൃപലാനിയെ അദ്ദേഹം നെഹ്രു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കങ്ങള്‍ നടത്തിയെന്ന കുറ്റത്തിന് കോണ്‍ഗ്രസ് അപമാനിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post